കോട്ടയം സ്വദേശി ബൈജു തിട്ടാല കേംബ്രിജില്‍ ഡെപ്യൂട്ടി മേയര്‍

author-image
athira p
New Update

ലണ്ടന്‍: കേംബ്രിജില്‍ ഡെപ്യൂട്ടി മേയറായി കോട്ടയം ഏറ്റുമാനൂര്‍ കരിപ്പുതട്ട സ്വദേശി ബൈജു വര്‍ക്കി തിട്ടാല തെരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ കേംബ്രിഡ്ജിലെ ഈസ്ററ് ചെസ്ററര്‍ട്ടണ്‍ മണ്ഡലത്തില്‍ നിന്നും ലേബര്‍ ടിക്കറ്റില്‍ ആദ്യമായി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ബൈജു 2020 ല്‍ അതേ മണ്ഡലത്തില്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കലും 2022 ല്‍ വീണ്ടും മല്‍സരിച്ച് വെറും 21 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റു തിരിച്ചു പിടിച്ചാണ് വിജയക്കൊടി നാട്ടിയത്. കേംബ്രിജില്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനാണ് ബൈജു.

Advertisment

publive-image

കേരളത്തിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് ബ്രിട്ടനിലെത്തി ഉപരിപഠനത്തിനുശേഷം പൊതുരംഗത്ത് ഏറെ സജീവമായ ബൈജു തൊഴില്‍ മേഖലയിലെ ചൂഷണത്തിനെതിരെ വിവേചനങ്ങള്‍ക്കെതിരെ നിയമ പോരാട്ടം നടത്തി അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നത് പ്രത്യേകിച്ച് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ സഹായകമാണ്. ബ്രിട്ടനിലെ എന്‍എംസിയുടെ കടുംപിടുത്തത്തിനെതിരെ കാമ്പെയില്‍ നടത്തി നിയമപോരാട്ടത്തിലൂടെ വിജയം നേടിയത് യുകെയൊട്ടാകെ സെന്‍സേഷന്‍ വാര്‍ത്തയായിരുന്നു.

2013 ല്‍ ആംഗ്ളിയ റസ്കിന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും എല്‍എല്‍ബി ബിരുദവും, ഈസ്ററ് ആംഗ്ളിയ യൂണിവേഴ്സിറ്റിയില്‍ നിന്നും എംപ്ളോയ്മെന്റ് ലോയില്‍ ഉന്നത ബിരുദവും നേടി. എംഫില്‍ ബിരുദത്തിനായി പഠനം തുടങ്ങിയെങ്കിലും 2019 മുതല്‍ സോളിസിറ്ററായി ജോലി ചെയ്യുന്ന ബൈജു ക്രിമിനല്‍ ഡിഫന്‍സ് ലോയറായാണ് പ്രാക്ടീസ് ചെയ്യുന്നത്. യുകെ മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ സജീവമായി ഇടപെടുന്ന ബൈജു, രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിലും പങ്കെടുത്ത് ശ്രദ്ധേയനായിരുന്നു.

ഭാര്യ ആന്‍സി നഴ്സാണ്. മക്കളായ അന്ന, അലന്‍, അല്‍ഫോന്‍സ് എന്നിവര്‍ വിദ്യാര്‍ത്ഥികളാണ്.

Advertisment