ഇല്ലിനോയിൽ റെപ്. ഡാനി ഡേവിസിനെതിരെ ഇന്ത്യക്കാരൻ മത്സര രംഗത്ത്

author-image
athira p
New Update

ഇല്ലിനോയിൽ മാത്‍സ് അധ്യാപകനായ ഇന്ത്യൻ അമേരിക്കൻ യുഎസ് കോൺഗ്രസിലേക്കു മത്സരിക്കാൻ രംഗത്ത്. സെവൻത് ഡിസ്ട്രിക്ടിലാണ് നിഖിൽ ഭാട്ടിയ ജനവിധി തേടുക. ഇവിടന്നു 14 തവണ ജയിച്ച റെപ്. ഡാനി ഡേവിസ് (ഡെമോക്രാറ്റ്സ്) ഒരിക്കൽ കൂടി മത്സരിക്കും എന്നു പ്രഖ്യാപിച്ചിരുന്നു.

Advertisment

publive-image

ഷിക്കാഗോയുടെ തെക്കും പടിഞ്ഞാറും ഭാഗങ്ങളും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളും ഉൾപ്പെട്ട സീറ്റാണിത്. ഗ്രാൻഡ് ക്രോസിംഗിൽ മാത്‍സ് പഠിപ്പിക്കുന്ന ഭാട്ടിയ ഗലീലിയോ സ്കോളാസ്റ്റിക് അക്കാഡമിയിൽ സ്കൂൾ കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമാണ്.

നഗര വിദ്യാഭ്യാസ രംഗത്തു 11 വർഷം പ്രവർത്തിച്ച ഭാട്ടിയ അഞ്ചു വർഷം മിഡിൽ സ്കൂൾ പ്രിൻസിപ്പൽ ആയിരുന്നു. സാമൂഹ്യ നീതിക്കു വേണ്ടിയുള്ള തന്റെ ആഗ്രഹവും നേതൃത്വത്തിലുള്ള വൈദഗ്ധ്യവും കരുത്തായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

യുഎസ് കോൺഗ്രസിലേക്കു മത്സരിക്കാൻ പ്രചോദനം കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആഗ്രഹമാണ്. പണമില്ലാത്ത സ്കൂളുകൾ,  തോക്കിന്റെ ഭീഷണി, കാലാവസ്ഥാ വ്യതിയാനം, പെൺ-എൽജിബിടിക്യൂ വിദ്യാർഥികളുടെ അവകാശങ്ങളിന്മേലുള്ള കടന്നു കയറ്റം ഇവയൊക്കെ അതിഭീമമായ പ്രശ്നങ്ങളാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

"ക്ലാസ്‌മുറിക്കപ്പുറത്തേക്കു എത്തുന്ന പരിഹാരങ്ങൾ നമുക്കു വേണം. അതു സാധ്യമാവണമെങ്കിൽ ആരെയാണ് വാഷിംഗ്ടണിലേക്കു അയക്കുന്നതെന്നു ചിന്തിക്കണം. മാറ്റത്തിനു വേണ്ടി കാത്തുനിൽക്കാൻ ആവില്ല."

രാഷ്ട്രീയം ജീവനോപാധിയാക്കിയവരെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നത് കുട്ടികളുടെ ഭാവിക്കു ഹാനികരമാണെന്നു ഭാട്ടിയ ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ വെല്ലുവിളികൾ മനസിലാക്കാനും പുതിയൊരു നാളെയ്ക്കു വേണ്ട ആശയങ്ങൾ കൊണ്ടുവരാനും കഴിയുന്നവരെയാണ് നമുക്കു ആവശ്യം.

Advertisment