അങ്കാറ: റജബ് തയ്യിബ് ഉര്‍ദുഗാന്‍ വീണ്ടും തുര്‍ക്കി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ, നൂറു വര്‍ഷം മുന്‍പ് മുസ്തഫ കമാല്‍ അതാതുര്‍ക്ക് രാജ്യം സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്ന ഭരണാധികാരിയായി അദ്ദേഹം മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിനും പാരമ്പര്യത്തിനും വിരുദ്ധമായ സാമ്പത്തിക, ആഭ്യന്തര, വിദേശ നയങ്ങള്‍ക്കു വേണ്ടിയുള്ള ഉര്‍ദുഗാന്റെ ശ്രമങ്ങള്‍ക്ക് ഈ ജനപിന്തുണ കരുത്തു പകരും.
/sathyam/media/post_attachments/B7Ae9sJi3CaM6l5uFhtV.jpg)
ഇസ്ളാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമാണ് ഉര്‍ദുഗാന്റെ നയങ്ങള്‍. ഇരുപതു വര്‍ഷത്തെ ഭരണത്തിനിടെ രാജ്യത്തെ യാഥാസ്ഥിതിക വിഭാഗത്തെയാണ് ഉര്‍ദുഗാന്‍ ഏറ്റവും കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുന്നത്. മതേതര ഭരണാധികാരികള്‍ക്കു കീഴില്‍ പാര്‍ശ്വത്കരിക്കപ്പെട്ടിരുന്ന യാഥാസ്ഥിതികര്‍ ഇപ്പോള്‍ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ മാത്രം കരുത്തരായി തിരിച്ചുവന്നിരിക്കുന്നു.
ഇസ്താംബുളിലെ പ്രശസ്തമായ ഹാഗിയ സോഫിയ എന്ന ക്രിസ്തുമത ദേവാലയം മുസ്ളിം പള്ളിയായി പ്രഖ്യാപിച്ചതു മുതലാണ് ഉര്‍ദുഗാന്റെ നയങ്ങള്‍ പ്രത്യക്ഷത്തില്‍ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. ഇസ്ളാമിക് രീതിയില്‍ തല മറയ്ക്കാനുള്ള അവകാശം ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുമെന്നും അധ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.
നാറ്റോ സഖ്യകക്ഷികളെയും പാശ്ചാത്യ രാജ്യങ്ങളെയും നിരന്തരം വെല്ലുവിളിക്കാനും ഉര്‍ദുഗാന്‍ മടിക്കുന്നില്ല. അടുത്തിട സ്വീഡന്റെ നാറ്റോ പ്രവേശനത്തിനു തടയിടുകയും നോര്‍വേയുടെ പ്രവേശനം വൈകിക്കുകയും ചെയ്തത് ഉര്‍ദുഗാന്റെ കടുംപിടിത്തങ്ങളായിരുന്നു. യുക്രെയ്ന്‍ അധിനിവേശത്തിനു ശേഷവും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉര്‍ദുഗാന്റെ നിലപാട് യുഎസ്, ജര്‍മനി, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെയെല്ലാം അതൃപ്തിക്കും കാരണമാണ്.