ബെല്‍ഗ്രേഡ്: കൊസോവോയെ സെര്‍ബിയയുടെ ഭാഗമാണെന്നു പ്രസ്താവനയിറക്കിയ ടെന്നിസ് താരം നൊവാക് ജോക്കോവിചിനെതിരേ രൂക്ഷ വിമര്‍ശം. ഒന്നര പതിറ്റാണ്ടുമുമ്പ് സ്വതന്ത്ര രാജ്യമായി അംഗീകരിക്കപ്പെട്ടതാണ് കൊസോവോ.
/sathyam/media/post_attachments/4L1HTTkbJofLzAYtWrsN.jpg)
കഴിഞ്ഞ ദിവസം ഫ്രഞ്ച് ഓപണ്‍ മത്സര വേദിയില്‍ വെച്ചാണ് ജോക്കോ രാഷ്ട്രീയ പ്രസ്താവന നടത്തിയത്. കൊസോവോ സെര്‍ബിയയുടെ ഹൃദയമാണെന്നും അക്രമം അവസാനിപ്പിക്കണമെന്നുമായിരുന്നു പ്രസ്താവന.
കൊസോവോ നഗരമായ സ്വികാനില്‍ 30 നാറ്റോ സമാധാന സൈനികര്‍ക്ക് സെര്‍ബ് പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ ദിവസമായിരുന്നു ജോക്കോയുടെ പ്രതികരണം. ഈ പട്ടണത്തിലാണ് താരത്തിന്റെ പിതാവ് വളര്‍ന്നത്.
പ്രസ്താവനയ്ക്കെതിരേ വിമര്‍ശനമുയര്‍ന്നപ്പോഴും പരാമര്‍ശം ആവര്‍ത്തിക്കാനാണ് ജോക്കോ ശ്രമിച്ചത്. കൊസോവോ തങ്ങളുടെ ജന്മഭൂമിയും ശക്തികേന്ദ്രവുമാണെന്നും, രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളുടെ കേന്ദ്രവുമാണെന്നുമായിരുന്നു പുതിയ വിശദീകരണം.
ഇതിനെതിരെ ശക്തമായി രംഗത്തുവന്ന കൊസോവോ ഒളിമ്പിക് കമ്മിറ്റി ജോക്കോവിച്ച് സെര്‍ബിയന്‍ ദേശീയവാദികളുടെ പ്രചാരവേല ഏറ്റെടുത്തിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. താരത്തിനെതിരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഫ്രഞ്ച് സ്പോര്‍ട്സ് മന്ത്രി അമേലി ഊദിയ കാസ്റററയും പ്രസ്താവന അനുചിതമായെന്ന് കുറ്റപ്പെടുത്തി.