കൊളംബോ: കടുത്ത കടക്കെണിയില്‍ നിന്ന് ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥ ക്രമാനുഗതമായി കരകയറുന്നു. മൂന്നുവര്‍ഷത്തിനിടെ ആദ്യമായി ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചു. നിക്ഷേപ, വായ്പ പലിശനിരക്കില്‍ 250 ബേസിസ് പോയന്റാണ് കുറവുവരുത്തിയത്.
/sathyam/media/post_attachments/czXRlMxeRUgSDKTnZjTL.jpg)
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് 2022ല്‍ രാജ്യം നേരിട്ടത്. പണപ്പെരുപ്പം, വിദേശനാണ്യ ക്ഷാമം, ഭക്ഷ്യക്ഷാമം എന്നിവ രൂക്ഷമായതോടെ പ്രക്ഷോഭങ്ങള്‍ ശക്തമാകുകയായിരുന്നു. അന്നത്തെ പ്രസിഡന്റ് ഗോടബയ രാജപക്സയെ രാജിവെച്ച് നാടുവിടാന്‍ പോലും നിര്‍ബന്ധിതനായി. തുടര്‍ന്ന് ജനക്കൂട്ടം പ്രസിഡന്റിന്റെ കൊട്ടാരം കൈയടക്കുന്ന അവസ്ഥയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ 70 ശതമാനത്തിലെത്തിയ പണപ്പെരുപ്പം ഇപ്പോള്‍ 30 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ വരുമാനം വര്‍ധിച്ചതും ഗുണകരമായി. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം പലിശനിരക്ക് 950 ബേസിസ് പോയന്റ് ഉയര്‍ത്തിയിരുന്നു.
സമ്പദ്വ്യവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പി. നന്ദലാല്‍ വീരസിംഗ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെ പണപ്പെരുപ്പം ഒറ്റയക്കത്തിലേക്ക് ചുരുങ്ങുമെന്നാണ് പ്രതീക്ഷ.