ജിദ്ദ: കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലൂടെയുള്ള കേരളാ ഹാജിമാരുടെ വരവ് തുടർന്ന് കൊണ്ടിരിക്കേ, അവരിലെ ആദ്യ മരണം ചൊവാഴ്ച ഉണ്ടായി. കോഴിക്കോട്, കുന്നമംഗലം സ്വദ്ദേശി ഉണ്ടോടിയിൽ അന്ത്രുമാൻ കോയാമു (70, KLR: 3819) ആണ് മരിച്ചത്. ചൊവാഴ്ച മക്കയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ ക്ലിനിക്കിൽ വെച്ചായിരുന്നു അന്ത്യം.
/sathyam/media/post_attachments/BixYWI0eucsS02TxzVSS.jpg)
ഭാര്യ സുബൈദ സഹിതമാണ് അന്ത്രുമാൻ ഹജ്ജിനെത്തിയത്.
കരിപ്പൂരിൽ നിന്നുള്ള ആദ്യ വിമാനത്തിൽ ഞായറാഴ്ച ജിദ്ദയിലെത്തിയ അന്ത്രുമാൻ ബസ് മാർഗം മക്കയിലെത്തിയ ഉടൻ അസുഖ ബാധിതനാവുകയും കെ എം സി സി വളണ്ടിയർമാരുടെ സഹായത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ ചികിത്സയിലായിരിക്കേ, ഇന്ന് കാലത്ത് ഹൃദയാഘാതവും തുടർന്ന് അന്ത്യവും സംഭവിക്കുകയായിരുന്നു. അസീസിയയിലെ 305ാം നമ്പർ കെട്ടിടത്തിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം.
ഖബറടക്കം മക്കയിൽ തന്നെയായിരിക്കുമെന്ന് ഹജ്‌ജാജി സേവനങ്ങളിൽ വ്യാപൃതനായ കെ എം സി സി നേതാവ് മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
ഇതോടെ വിശുദ്ധ ഹജ്ജിനെത്തിയ മലയാളികളിൽ മൂന്ന് ഹാജിമാർ ഇതിനകം മരണപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട രണ്ടു ഹാജിമാർ സ്വകാര്യ ഗ്രൂപ്പിലുള്ളവരായിരുന്നു.