ജര്‍മ്മനി: യൂറോപ്പിലെ പണപ്പെരുപ്പം 6.1 ശതമാനത്തിലേയ്ക്ക് ചുരുങ്ങിയെങ്കിലും, ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ഉടനടി ലഭിച്ചേക്കില്ലെന്ന് സാമ്പത്തിക വിദഗദ്ധര്‍. ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ള സാധനങ്ങളുടെ വിപണി വില ഇപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്.
/sathyam/media/post_attachments/K2Cma08maYeawkGg6ycz.jpg)
ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ 7% എന്ന നിലയിലായിരുന്നു യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന യൂറോപ്പിലെ 20 രാജ്യങ്ങളിലെ ആകെ പണപ്പെരുപ്പം. എന്നാല്‍ മെയ് മാസത്തില്‍ ഇത് 6.1% ആയി കുറഞ്ഞിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളായ ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ പണപ്പെരുപ്പം യഥാക്രമം 6.1%, 5.1%, 7.6% എന്നിങ്ങനെയും കുറഞ്ഞിട്ടുണ്ട്.
അതേസമയം വിപണിയിലെ സാധാരണക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കാന്‍ മാസങ്ങള്‍ എടുത്തേക്കുമെന്നാണ് സാമ്പത്തികവിദഗദ്ധര്‍ പറയുന്നത്.
ഭക്ഷ്യവസ്തുക്കള്‍ക്ക് 2023 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 13.5% ആണ് വില വര്‍ദ്ധിച്ചത്. അതേസമയം മെയ് മാസത്തിലേയ്ക്ക് എത്തുമ്പോള്‍ ഇത് 12.5% ആയി കുറഞ്ഞിട്ടുണ്ട്.
യൂറോപ്പിലെ പണപ്പെരുപ്പത്തിന് നേരിയ ആശ്വാസം നല്‍കിയിരിക്കുന്നത് ഊര്‍ജ്ജവില കുറഞ്ഞതാണ്. ഒരു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 1.7% ആണ് ഊര്‍ജ്ജവിലയില്‍ കുറവ് വന്നിട്ടുള്ളത്. അതേസമയം ഒരു മാസത്തിനിടെ ഊര്‍ജ്ജവില 2.4% വര്‍ദ്ധിച്ചിരുന്നു.
പണപ്പെരുപ്പത്തില്‍ കുറവ് വന്നതോടെ ജൂണ്‍ 15-ന് ചേരാനിരിക്കുന്ന യോഗത്തില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വീണ്ടും പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത് ലോണ്‍ ലഭിക്കാനും മറ്റും ബുദ്ധിമുട്ട് സൃഷ്ടിക്കുമെങ്കിലും, പണപ്പെരുപ്പത്തിന് കാരണമാകുന്ന ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് കുറയ്ക്കാനും, ഇതുവഴി പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനും സഹായിക്കും.
റഷ്യയുടെ ഉക്രെയിന്‍ അധിനിവേശമാണ് യൂറോപ്പില്‍ വലിയ സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമായത്. റഷ്യയില്‍ നിന്നും യൂറോപ്പിലേയ്ക്ക് എത്തുന്ന നാച്വറല്‍ ഗ്യാസ്, ഓയില്‍ എന്നിവയ്ക്ക് കുറവ് വന്നേക്കുമെന്ന ഭയം, വിപണിയില്‍ ഇവയ്ക്ക് വില വര്‍ദ്ധിക്കാന്‍ കാരണമായി. കോവിഡ് ബാധ കാരണം തകര്‍ന്ന സമ്പദ് വ്യവസ്ഥ തിരികെ വരുന്ന സമയമായിരുന്നു അടുത്ത തിരിച്ചടി നേരിട്ടത്.
റഷ്യയില്‍ നിന്നല്ലാതെ ഊര്‍ജ്ജം ലഭ്യമാക്കിയതിലൂടെ ഊര്‍ജ്ജവിലയും, പണപ്പെരുപ്പവും ഒരുപരിധി വരെ നിയന്ത്രിക്കാന്‍ ഈ വര്‍ഷമാദ്യം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ 0.1% മാത്രമാണ് യൂറോപ്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വളര്‍ച്ച നേടിയത്.