ഡബ്ലിന്‍ : മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെല്ലാം സ്‌കാം കോളുകളുടെ ദുരിതം പേറുകയാണ്. പലവിധ നടപടികള്‍ സ്വീകരിച്ചിട്ടും തട്ടിപ്പുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അറിഞ്ഞും അറിയാതെയും ആളുകള്‍ കെണിയില്‍ വീഴുന്നു. പോലീസ് സംവിധാനങ്ങള്‍ക്കും സര്‍ക്കാരിനും മൊബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനങ്ങള്‍ക്കുമൊന്നും സൈബര്‍ ക്രിമിനലുകളെ തൊടാനാവുന്നില്ല. ഒന്നിനു പുറകേയെന്നൊന്നായി സ്‌കാം കോളുകള്‍ വന്നുകൊണ്ടേയിരിക്കുന്നു.
ഡെലിവറി കമ്പനികളുടെ മുതല്‍ ഗാര്‍ഡ സ്റ്റേഷനുകളില്‍ നിന്ന്, എന്തിന് ബാങ്കുകളുടെയും സര്‍ക്കാരിന്റെയുമൊക്കെ പേരിലാണ് തട്ടിപ്പുകള്‍ നടക്കുന്നത്. ദിവസവും എട്ടു പത്തും വരെ കോളുകളാണ് ചില ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. അബദ്ധത്തില്‍പ്പെട്ടാല്‍ പണം പോകുമെന്ന് ഉറപ്പ്. ഈ തട്ടിപ്പ് തടയാന്‍ കഴിയില്ലെന്ന് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ സമ്മതിച്ചു കഴിഞ്ഞു. ജാഗ്രതാ മുന്നറിയിപ്പ് നല്‍കി ബാങ്കുകള്‍ മാറി നില്‍ക്കുന്നു. ഗാര്‍ഡയും അങ്ങനെ തന്നെ. ഇനി ആരാണ് ഈ തട്ടിപ്പിന് വിലങ്ങിടുകയെന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.
കഴിഞ്ഞ വര്‍ഷം നഷ്ടമായത് 50 മില്യണ്‍ യൂറോ!
ബാങ്കിംഗ് പേയ്‌മെന്റ് ഫെഡറേഷന്‍ ഓഫ് അയര്‍ലണ്ടിന്റെ (ബിപിഎഫ്‌ഐ) കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം മാത്രം ഐറിഷ് മൊബൈല്‍ ഉപയോക്താക്കളില്‍ നിന്ന് കുറഞ്ഞത് 50 മില്യണ്‍ യൂറോയെങ്കിലും ഈ സ്‌കാം കോളര്‍മാരും ടെക്സ്റ്റര്‍മാരും ചേര്‍ന്ന് തട്ടിയെടുത്തു. ഓപ്പറേറ്റര്‍മാര്‍ തീരുമാനിച്ചാല്‍ ഈ ക്രിമിനലുകളെ നിയന്ത്രിക്കാനാകും. എന്നാല്‍ അവര്‍ക്ക് ഗുണമൊന്നുമില്ലാത്തതിനാല്‍ അവരതിന് തയ്യാറാകുന്നില്ല. ഇവരോടിത് ചോദിക്കാനും ആരുമില്ല.
ആരാണ് ഉത്തരവാദി?
ഇക്കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ല. ശരിയ്ക്കും ഉത്തരവാദിത്വമുണ്ടാകേണ്ടത് ടെലികോം നെറ്റ്വര്‍ക്കുകള്‍ക്കാണ്. എന്നാല്‍ പല കാരണങ്ങളാല്‍ അതിന് കഴിയുന്നില്ല. ടെലികോം നെറ്റ്വര്‍ക്കുകളുടെ പ്രവര്‍ത്തനരീതിയാണ് പ്രധാന കാരണം. മറ്റൊന്ന് വലിയ ഓപ്പറേറ്റര്‍മാരുടെ ഉത്തരവാദിത്തമില്ലായ്മയും.
ഓപ്പണ്‍ ആക്സസാണ് വില്ലനെന്ന്…
എസ്.എം.എസ് സംവിധാനങ്ങള്‍ക്ക് ഓപ്പണ്‍ ആക്‌സസ് ഉള്ളതിനാല്‍ സ്‌കാം കോളുകളെയും ടെക്സ്റ്റുകളേയും നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണ് വോഡഫോണ്‍, ത്രീ, ഇയര്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ പറയുന്നത്. ഇതെല്ലാം വിദേശത്ത് നിന്ന് വരുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
സ്വന്തം രാജ്യത്ത് നിന്നായാലും ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഉത്തരവാദിത്തം കുറവായിരിക്കും. എസ്എം.എസുകളായതുകൊണ്ടാണ് ഇവറ്റകളെ നിയന്ത്രിക്കാനാകാത്തത്. അതേസമയം വാട്‌സാപ്പോ ഫേയ്സ് ബുക്കോ ആയിരുന്നെങ്കില്‍ ഇതിനെ നിരോധിക്കാനാകുമായിരുന്നു. വന്‍കിട ഓപ്പറേറ്റര്‍മാര്‍ ‘സന്ദേശങ്ങള്‍’ എല്ലാവര്‍ക്കുമായി സൗജന്യമായി തുറന്നിട്ടിരിക്കുന്നതിനാല്‍, തട്ടിപ്പുകള്‍ വ്യാപകമാവുകയാണ്. സ്വയം ശ്രദ്ധിക്കുകയേ മാര്‍ഗമുള്ളൂ…!!