ഡബ്ലിന്‍: എറ്റിപ്പിക്കല്‍ വര്‍ക്ക് സ്‌ക്കീം പ്രകാരം അയര്‍ലണ്ടില്‍ എത്താന്‍ കാത്തിരിക്കുന്ന നൂറുകണക്കിന് നഴ്സുമാരുടെ അപേക്ഷകള്‍ എത്രയും വേഗം പ്രോസസ് ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് സൂചനകള്‍.ആയിരത്തോളം അപേക്ഷകരാണ് അയര്‍ലണ്ടിലേക്ക് വരാനായി കാത്തിരിക്കുന്നത്. സിസ്റ്റങ്ങളുടെ നവീകരണത്തിലൂടെ ഇമിഗ്രേഷന്‍ പ്രോസസ്സിംഗ് സമയം കുറയ്ക്കാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ജീവനക്കാരെയും താത്കാലികമായി ക്രമീകരിക്കും.
ഫെബ്രുവരി മാസം മുതല്‍ എറ്റിപ്പിക്കല്‍ വര്‍ക്ക് വിസയ്ക്കായി അപേക്ഷിച്ചു കാത്തിരിക്കുന്നവരില്‍ ഏറെയും ഇന്ത്യയില്‍ നിന്നുള്ളവരാണ്.ഈ കാലയാളവില്‍ നാമമാത്രമായ അപേക്ഷകള്‍ മാത്രമാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
വിസകള്‍ക്കായുള്ള കാത്തിരിപ്പ് സമയം കൂടുന്നതിനാല്‍, നഴ്സുമാര്‍ക്ക് അവരുടെ ആര്‍ സി എസ് ഐ പരീക്ഷാ സ്ലോട്ടുകള്‍ ഓരോ തവണയും നഷ്ടപ്പെടുകയാണ്.അടുത്ത പരീക്ഷയ്ക്കായി വീണ്ടും ഫീസ് അടച്ച് കാത്തിരിക്കുന്നവര്‍ നൂറു കണക്കിന് പേരുണ്ട്.ഇവരില്‍ പലര്‍ക്കും എറ്റിപ്പിക്കല്‍ വര്‍ക്ക് സ്‌ക്കീം വിസ ലഭിക്കുമെന്ന പ്രതീക്ഷ പോലും നഷ്ടപ്പെട്ടിരിക്കുകയാണ്.
ഡിസിഷന്‍ ലെറ്ററിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിലുള്ളവരും ഇവരിലുണ്ട്.എറ്റിപ്പിക്കല്‍ വര്‍ക്ക് സ്‌ക്കീം(AWS) മുഖേനെയുള്ള അപേക്ഷ നിരസിച്ചാല്‍ ആ പണവും തിരികെ ലഭിക്കുകയില്ല.
വിചിത്രമായ കാരണങ്ങളാണ് അപേക്ഷ തള്ളിക്കളയുന്നതിന് കാരണമായി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുന്നത്. ഈ വര്‍ഷം മുതല്‍, ഡോക്യുമെന്റേഷന്‍ സമര്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍,ഡിപ്പാര്‍ട്ട്‌മെന്റ് പുതുക്കിയത് മുതലാണ് ഉദ്യോഗാര്‍ത്ഥികള്‍ വെട്ടിലായത്.വ്യാപകമായ തോതില്‍ വ്യാജ ഓഫര്‍ ലെറ്ററുകള്‍ സൃഷ്ടിക്കപ്പെടുകയും, ക്രമരഹിതമായി ഉദ്യോഗാര്‍ത്ഥികളെ അയര്‍ലണ്ടില്‍ എത്തിക്കുവാന്‍ ശ്രമിക്കുകയും ചെയ്ത നിരവധി കേസുകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് സര്‍ക്കാര്‍ ,പഴുതുകളടച്ച് പുതിയ അപേക്ഷാ രീതി കൊണ്ടുവന്നത്.എന്നാല്‍ അത് എല്ലാ വിഭാഗം ഉദ്യോഗാര്‍ത്ഥികളെയും അനുചിതമായി ബാധിച്ചു.
പേരിന്റെ മധ്യനാമം ഉള്‍പ്പെടുത്തിയിട്ടില്ല ,വ്യത്യസ്തമായ മഷി ഉപയോഗിച്ചു, അപേക്ഷ സമര്‍പ്പിച്ച ആളുടെ തന്നെ അകൗണ്ടില്‍ നിന്നുള്ള പേയ്മെന്റ് അല്ല അടച്ചിരിക്കുന്നത്, അപേക്ഷ പൂരിപ്പിച്ചയാളല്ല ,അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് തുടങ്ങി ഒട്ടേറെ സങ്കീര്‍ണ്ണമായ കാരണങ്ങളാണ് അപേക്ഷകള്‍ തള്ളാനായി മന്ത്രാലയം കാരണമാക്കിയിരിക്കുന്നത്.ഫോട്ടോ കോപ്പികളുടെ തെളിച്ചമില്ലായ്മ പോലും അപേക്ഷകള്‍ തള്ളാന്‍ കാരണമായി.
അയര്‍ലണ്ടിനെ മികച്ച ജോലിക്കായി തിരഞ്ഞെടുത്തിരുന്ന പലരും ഇപ്പോള്‍ മറ്റു രാജ്യങ്ങളിലേക്ക് തിരിയുകയാണ്.അനാവശ്യമായ കാലതാമസമാണ് സത്യസന്ധരായ ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷയിന്മേല്‍ ഇപ്പോള്‍ നടക്കുന്നത്. അഴിമതിക്കാരായ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരം പുറത്തറിയിച്ച് ,അവരെ സേവനത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അവര്‍ വീണ്ടും കള്ളത്തരങ്ങളുമായി വരാതിരിക്കുവാനും അത് കാരണമാവും. ബഹറിനില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത ശേഷം അയര്‍ലണ്ടിലെ വിസയ്ക്കായി കാത്തിരിക്കുന്ന ഒരു ഉദ്യോഗാര്‍ത്ഥി ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.
ഒരു ഉദ്യോഗാര്‍ത്ഥിക്ക് യാത്ര ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ ഉള്‍പ്പെടെ മിക്ക സാഹചര്യങ്ങളിലും പരീക്ഷാ ഫീസ് റീഫണ്ട് ചെയ്യുമെന്ന് ആർ സി എസ് ഐ വ്യക്തമാക്കിയിട്ടുണ്ട്.
അപേക്ഷകള്‍ പ്രോസസ് ചെയ്യാന്‍ ഇപ്പോള്‍ ഏകദേശം 35 പ്രവൃത്തി ദിവസങ്ങള്‍ വരെടുക്കുന്നുണ്ട്.നൂറു ദിവസങ്ങള്‍ കഴിഞ്ഞ കേസുകള്‍ പോലും നിരവധിയാണ്. പ്രോസസ് ചെയ്യുന്നതിന് കുറഞ്ഞത് 20 പ്രവൃത്തി ദിവസമെങ്കിലും എടുക്കുമെന്നാണ് അപേക്ഷകരോട് ജസ്റ്റീസ് വകുപ്പിന്റെ വെബ്സൈറ്റ് ഉപദേശം നല്‍കുന്നത്. ന്യൂഡല്‍ഹിയിലെ ഐറിഷ് എംബസിയുടെ കണക്കനുസരിച്ച് 2023 ഏപ്രിലില്‍ വിസ അപേക്ഷയുടെ തോത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ദ്ധിച്ചു. 2019-നെ അപേക്ഷിച്ച് ഇത് 75 ശതമാനം വര്‍ധനവാണ്.