ഡബ്ലിന്‍ : കണ്‍സള്‍ട്ടന്റുമാരുടെ കുറവു മൂലം അയര്‍ലണ്ടില്‍ ആശുപത്രി ചികിത്സയ്ക്കായി കാത്തിരിക്കുന്നത് ഒരു ലക്ഷത്തിലേറെ കുട്ടികള്‍.ഇവരില്‍ 40,000പേര്‍ ഒരു വര്‍ഷത്തിലേറെയായി വെയ്റ്റിംഗ് ലിസ്റ്റില്‍ കഴിയുന്നവരാണ്.
ആശുപത്രിയില്‍ അഡ്മിറ്റായവര്‍ക്ക് പോലും ചികില്‍സ കിട്ടാത്തനിലയാണ്….ആവശ്യത്തിന് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കാന്‍ സര്‍ക്കാരും എച് .എസ്.ഇയും തയ്യാറാകാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നതിനിടയാക്കുന്നതെന്ന് ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന്‍ (ഐ എച്ച് സി എ) ചൂണ്ടിക്കാട്ടുന്നു.അശുഭകരമായ ഈ വാര്‍ത്ത പുറത്തുവിട്ടതും അസോസിയേഷനാണ്.
എച്ച്എസ്ഇയില്‍ നടന്ന സൈബര്‍ ആക്രമണം കാരണം ഈ മാസം അവസാനം വരെയുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ലെന്നും അസോ. പറയുന്നു. മെയ്13വരെയുള്ള വിവരങ്ങളാണിത്.
എം ആര്‍ ഐ സ്‌കാന്‍സ് ,റേഡിയോളജി പോലുള്ളവയെ കാത്തിരിക്കുന്ന കുട്ടികളും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഈ കണക്ക് പോലും അപൂര്‍ണ്ണമാണ്. സി എച്ച് ഐ കുട്ടികളുടെ ആശുപത്രികളില്‍ സിടി, എംആര്‍ഐ ,അള്‍ട്രാസൗണ്ടുകള്‍ക്കായി കാത്തിരിക്കുന്ന 8,000 ലേറെ കുട്ടികളുണ്ട്. അവരെക്കൂടി ചേര്‍ക്കുമ്പോള്‍ ആകെ എണ്ണം ഒരു ലക്ഷത്തിലധികം വരും.
ഡോക്ടര്‍മാരില്ലാത്ത പീഡിയാട്രിക് സ്പെഷ്യാലിറ്റികള്‍
രാജ്യത്തെ എല്ലാ പീഡിയാട്രിക് സ്പെഷ്യാലിറ്റികളിലും ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റുകളുടെ കുറവുണ്ട്. ഇതാണ് കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വൈദ്യസഹായം ലഭിക്കുന്നതിന് തടസ്സമാകുന്നത്.
നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന ആശുപത്രി കണ്‍സള്‍ട്ടന്റുമാരുടെ തസ്തികകളില്‍ നിയമനം നടത്തുകയും ആവശ്യത്തിന് അധിക കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുകയും ചെയ്താല്‍ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂയെന്നും അസോസിയേഷന്‍ പ്രസിഡന്റ് അലന്‍ ഇര്‍വിന്‍ വ്യക്തമാക്കി.
നാഷണല്‍ ട്രീറ്റ്മെന്റ് പര്‍ച്ചേസ് ഫണ്ട് (എന്‍ ടി പി എഫ്) വെയിറ്റിംഗ് ലിസ്റ്റില്‍ 95,000 ത്തിലധികം കുട്ടികളുണ്ടെന്ന് അസോസിയേഷന്‍ അറിയിച്ചു.2021 മെയ് 13വരെയുള്ള ആശുപത്രി ഔട്ട്‌പേഷ്യന്റ് വെയിറ്റിംഗ് ലിസ്റ്റിലുള്ള 82,264 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.ഇവരില്‍ 45% (37,350)പേര്‍ ഔട്ട്‌പേഷ്യന്റ് നിയമനത്തിനായി ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നവരാണ്.
ഡബ്ലിനിലെ ആശുപത്രികളില്‍ മാത്രം 20,000 കുട്ടികള്‍
ഡബ്ലിനിലെ മൂന്ന് ചില്‍ഡ്രന്‍ ആശുപത്രികളില്‍ മാത്രം കണ്‍സള്‍ട്ടന്റിനെ കാണാന്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നത് 20,000 കുട്ടികളാണ് (47%). കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം കൂടുതലാണിത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ലോംഗ് വെയിറ്റര്‍മാരുടെ എണ്ണം അഞ്ചിരട്ടി വര്‍ധിച്ചുവെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
ആശുപത്രിയില്‍ പോലും ചികില്‍സ കിട്ടുന്നില്ല
മെയ് പകുതിയോടെ 7,698 കുട്ടികള്‍ ഇന്‍പേഷ്യന്റ് / ഡേ കേസ് വെയിറ്റിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഇതില്‍ 4,235 കുട്ടികളും ഡേ കേസ് ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. വര്‍ഷാരംഭം മുതല്‍ ആശുപത്രി ഇന്‍പേഷ്യന്റ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത് 3,463 കുട്ടികളാണ്. മുമ്പത്തേക്കാള്‍ 3% വര്‍ദ്ധന കൂടുതലാണിത്.ഇവരുടെ മൂന്നിലൊന്നും(2,614 (34%) ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നവരാണ്.ഇഎന്‍ടിയില്‍ 17,893, പീഡിയാട്രിക്സ് – 13,065, ഡെര്‍മറ്റോളജി – 8,735, നേത്രരോഗം – 6,851, ഓര്‍ത്തോപെഡിക്സ് – 6,536 എന്നിങ്ങനെയാണ് കുട്ടികളുടെ വെയ്റ്റിംഗ് ലിസ്റ്റ്.
അയര്‍ലണ്ടില്‍ ചികില്‍സ കാത്തിരിക്കുന്നത് 8,85,189 രോഗികള്‍
അയര്‍ലണ്ടിലെ 8,85,189 രോഗികള്‍ ഡോക്ടറെ കാണുന്നതിനായി കാത്തിരിക്കുന്നവരാണെന്ന് എന്‍ ടി പി എഫ് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതില്‍ 9 ല്‍ ഒരാള്‍ (11%) കുട്ടികളാണ്.
ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യ വര്‍ഷങ്ങള്‍ അവരുടെ ആജീവനാന്ത ആരോഗ്യത്തിനും വികാസത്തിനും വളരെ പ്രധാനമാണ്. ആ സമയത്ത് മികച്ച ചികില്‍സ ലഭിച്ചില്ലെങ്കില്‍ അത് ജീവിതത്തെയാകെ വളരെ ദോഷകരമായി ബാധിക്കുമെന്ന് ഐ എച്ച് സി എ പ്രസിഡന്റ് പ്രൊഫ. അലന്‍ ഇര്‍വിന്‍ പറഞ്ഞു.