ബര്‍ലിന്‍: ജര്‍മനിയിലെ വിവാദമായ തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലില്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്ററീന്‍മെയര്‍ ഒപ്പുവച്ചതോടെ ഇതു നിയമമായി. ജര്‍മന്‍ പാര്‍ലമെന്റായ ബുണ്‍ടസ്ടാഗിന്റെ അംഗസഖ്യ കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നതാണ് നിയമം.
/sathyam/media/post_attachments/bwFGKi7S2OPLjBYv8Fso.jpg)
നിയമത്തെക്കുറിച്ച് പ്രസിഡന്റ് ഔദ്യോഗിക പ്രതികരണമൊന്നും അറിയിച്ചിട്ടില്ല. ബില്ലിന്റെ രാഷ്ട്രീയ ഭാഗം കണക്കിലെടുക്കുന്നില്ലെന്നും, അടിസ്ഥാന നിയമത്തില്‍നിന്നു വ്യതിചലിക്കുന്നുണ്ടോ എന്നു മാത്രം പരിശോധിക്കുമെന്നും പ്രസിഡന്റിന്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. ഈ പരിശോധനയ്ക്കു ശേഷമാണ് ബില്ലില്‍ ഒപ്പുവയ്ക്കാന്‍ പ്രസിഡന്റ് തീരുമാനിച്ചത്.
അടുത്ത ആഴ്ച മാത്രമേ നിയമത്തിന്റെ പൂര്‍ണ രൂപം ഫെഡറല്‍ ലോ ഗസറ്റില്‍ പ്രസിദ്ധീകരിക്കൂ. അപ്പോഴാണ് ഇത് ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നതായി കണക്കാക്കുക.
നിയമ പരിഷ്കരണത്തില്‍ പാര്‍ലമെന്റിലെ വിവിധ രാഷ്ട്രീയകക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ സാധിക്കാത്ത സാഹചര്യം ഖേദകരമാണെന്നും പ്രസിഡന്റിന്റെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എസ് പി ഡി, ഗ്രീന്‍ പാര്‍ട്ടി, എഫ് ഡി പി എന്നിവരും എ എഫ് ഡിയിലെ ചില അംഗങ്ങളും അനുകൂലിച്ച് വോട്ട് ചെയ്തതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ബില്‍ പാര്‍ലമെന്റില്‍ പാസായിരുന്നു. സി ഡി യുവും ഇടതുപക്ഷവും ബില്ലിനെതിരായാണ് വോട്ട് ചെയ്തത്.