തുര്‍ക്കിയില്‍ നയം മാറ്റം; സെന്‍ട്രല്‍ ബാങ്കിന് ആദ്യമായി വനിതാ ഗവര്‍ണര്‍

author-image
athira p
New Update

അങ്കാറ: ഹാഫിസ് ഗയെ ഇര്‍കാനെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ആയി നിയമിച്ചു. തുര്‍ക്കിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായി ഒരു വനിത നിയമിതയാകുന്നത്.

Advertisment

publive-image

ബാങ്കിങ് രംഗത്തെ പരിചയ സമ്പന്നയും സാമ്പത്തിക വിദഗ്ധയുമാണ് ഇര്‍കാന്‍. രാജ്യത്തെ പരമ്പരാഗത ധനകാര്യ നയം ഉര്‍ദുഗാന്‍ പൊളിച്ചെഴുതുന്നതിന്റെ സൂചനയായാണ് അവരുടെ നിയമനം വിലയിരുത്തപ്പെടുന്നത്.

സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ഫസ്ററ് റിപബ്ളിക് ബാങ്കിന്റെ മുന്‍ സഹ സി.ഇ.ഒയും ഗോള്‍ഡ്മാന്‍ സാഷെ മാനേജിങ് ഡയറക്ടറുമായിരുന്നു ഈ നാല്‍പ്പത്തൊന്നുകാരി. ഓപറേഷന്‍സ് റിസര്‍ച്ച് ആന്‍ഡ് ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിങ്ങില്‍ യു.എസിലെ പ്രിന്‍സ്ററണ്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി നേടിയിട്ടുണ്ട്.

സഹപ് കവ്സിയോഗ്ളുവിന്റെ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവിലാണ് പുതിയ നിയമനം. പണപ്പെരുപ്പം തടയാനായി പലിശനിരക്ക് 19 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി കുറയ്ക്കുകയായിരുന്നു സഹപ് ചെയ്തത്. വിദേശരാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ കൈക്കൊണ്ട നയത്തിനു വിപരീതമായിരുന്നു ഇത്. ഇതിനു വിരുദ്ധമായി സാമ്പ്രദായിക രീതികളിലേക്ക് തിരിച്ചുപോകാനാണ് ഉര്‍ദുഗാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ഇര്‍കാന്റെ നിയമനം നല്‍കുന്ന സൂചന.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് തുര്‍ക്കി ഇപ്പോഴും കടന്നുപോകുന്നത്. യു.എസ് നിക്ഷേപക കമ്പനിയായ മെറില്‍ ലിഞ്ചിലെ സാമ്പത്തിക വിദഗ്ധനായിരുന്ന മെപ്മെത് സിംസെകിനെ പുതിയ ധനമന്ത്രിയായി തെരഞ്ഞെടുത്തതും നയം മാറ്റത്തിന്റെ സൂചനയാണ് നല്‍കുന്നത്.

Advertisment