ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യന്‍ ക്രിസ്റ്റ്യന്‍സിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചു

author-image
athira p
New Update

കാലിഫോര്‍ണിയ: 2023ലേക്കുള്ള ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യന്‍ ക്രിസ്റ്റിയന്‍സിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയ എല്ലാ ക്രൈസ്തവവിശ്വാസികളെയും ഒന്നിച്ചുചേര്‍ത്ത് ക്രൈസ്തവമൂല്യവും ഒത്തൊരുമയും ഉയര്‍ത്തിപ്പിടിക്കുന്നതിനായി 2017ല്‍ രൂപംകൊണ്ട സംഘടനയാണ് ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യന്‍ ക്രിസ്റ്റിയന്‍സ്.

Advertisment

publive-image

പ്രസിഡന്റായി ജിന്‍സ്‌മോന്‍ പി. സക്കറിയ (യുഎസ്എ), ജനറല്‍ സെക്രട്ടറിയായി ഷാജന്‍ അലക്‌സാണ്ടര്‍ (യുഎസ്എ), ട്രഷററായി ടോമിച്ചന്‍ പുത്തന്‍പുരയ്ക്കല്‍, വൈസ് പ്രസിഡന്റുമാരായി അനില്‍ അഗസ്റ്റിന്‍; ടോണി മാത്യു (ഓസ്‌ട്രേലിയ); റോസന്‍ ഫിലിപ്പ് (കാലിഫോര്‍ണിയ), ജോയിന്റ് സെക്രട്ടറിമാരായി ഷാന്‍ ജസ്റ്റസ് (ടെക്‌സാസ്); ജോര്‍ജ് കുട്ടി മേപ്പുറത്ത് (കാനഡ), മോളി തോമസ്, ജോയിന്റ് ട്രഷററായി ബിജി ജോസ് എന്നിവരേയും തെരഞ്ഞെടുത്തു. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജിന്‍സ്‌മോന്‍ പി, സക്കറിയ കഴിഞ്ഞ 19 വര്‍ഷങ്ങളായി അമേരിക്കയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെന്ന നിലയിലും മാധ്യമ സംരംഭകനെന്ന നിലയിലും അമേരിക്കന്‍ മലയാളികള്‍ക്കെല്ലാം സുപരിചിതനാണ്. കൂടാതെ, അമേരിക്കയിലെ വിവിധ സംഘടനകളെ നയിച്ചതിന്റെ പാരമ്പര്യവുമുണ്ട് അദ്ദേഹത്തിന്. ഇന്ത്യ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം മുമ്പ് വഹിച്ചിട്ടുണ്ട്.

അമേരിക്കയിലെ ആദ്യകാല സംഘടനകളിലൊന്നായ ഇന്ത്യ കാത്തലിക് അസോസിയേഷന്‍, സീറോമലബാര്‍ സഭ, സീറോ മലങ്കര, ക്‌നാനായ, ലാറ്റിന്‍ കാത്തലിക് എന്നീ സമൂഹങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്ന അംബ്രല്ല ഓര്‍ഗനൈസേഷനാണ്. 2000ഓളം അംഗങ്ങളുള്ള ഇന്ത്യ കാത്തലിക് അസോസിയേഷന്‍ അമേരിക്കയിലെ ആദ്യകാല ക്രിസ്തൃന്‍ കുടിയേറ്റ സമൂഹത്തിന് ആത്മീയ നേതൃത്വം നല്‍കുന്നതില്‍ വളരയേറെ പങ്കുവഹിച്ചിട്ടുണ്ട്. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) സ്ഥാപകനും, 2014 മുതല്‍ 2016 വരെ ചെയര്‍മാനുമായിരുന്നു ജിന്‍സ്‌മോന്‍.

കൂടാതെ ഗ്ലോബര്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി, അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള മലയാള പത്രമായ ജയ്ഹിന്ദ് വാര്‍ത്തയുടെ ചീഫ് എഡിറ്റര്‍, അമേരിക്കയിലെ പ്രമുഖ മലയാളം മാസികയായ അക്ഷരത്തിന്റെയും, ഇംഗ്ലീഷ് പത്രമായ ഏഷ്യന്‍ എറയുടെയും പബ്ലീഷര്‍ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ള അമേരിക്കയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രമായ സൗത്ത് ഏഷ്യന്‍ ടൈംസിന്റെ മീഡിയ കണ്‍സള്‍ട്ടന്റായും അദ്ദേഹം നിലവില്‍ പ്രവര്‍ത്തിക്കുന്നു.

പ്രവര്‍ത്തന മികവിനും സംഘാടന നേതൃശേഷിക്കുമുള്ള അംഗീകാരമായി റോട്ടറി ഇന്റര്‍നാഷ്ണല്‍ ലീഡര്‍ഷിപ്പ് അച്ചീവ്‌മെന്റ് അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിലെ പത്രമുത്തശ്ശിയായ ദീപിക ദിനപത്രത്തിന്റെ യൂറോപ് എഡിഷനുവേണ്ടിയും, ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലുമായി നിരവധി സംഘടനകളില്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുള്ള ജിന്‍സ്‌മോന്‍ യൂറോപിലെ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുമാണ്.

ഇന്തോ അമേരിക്കന്‍ ലോയേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി, ഇന്തോ അമേരിക്കന്‍ മലയാ ളി ചെംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. തൊടുപുഴ വഴിത്തല സ്വദേശിയാണ് ജിന്‍സ് മോന്‍. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയിരുന്നു. സിജി അഗസ്റ്റിയനാണ് ഭാര്യ. മക്കള്‍:ആന്‍ഡ്രൂ, ബ്രിയോണ, ഈഥന്‍.

21 പേരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡാണ് ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യന്‍ ക്രിസ്റ്റിയന്‍സിന്റെ ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും രൂപം നല്‍കുന്നത്. അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങി 22 രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇതിന്റെ ഭാരവാഹികള്‍. ക്രിസ്തുവില്‍ ഒന്നിക്കുക എന്നതാണ് സംഘടനയുടെ മുദ്രാവാക്യം. സമുദായത്തിന് ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, വിദേശരാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികളുടെ വിശ്വാസവും ഒത്തൊരുമയും കാത്തുസൂക്ഷിക്കാന്‍ അവരെ സഹായിക്കുക എന്നുള്ളതും ഈ സംഘടനയുടെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണ്.

ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ക്രിസ്തീയവിശ്വാസകള്‍ അനുഭവിക്കുന്ന വെല്ലുവിളികള്‍ നേരിടുവാന്‍ കഴിയുന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്രൈസ്തവസംഘടനകളുടെ നേതൃത്വങ്ങളെ ഒരു കുടക്കീഴില്‍ ഏകോ'പിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സംഘടന നേതൃത്വം നല്കും. ക്രിസ്ത്യന്‍ വിശ്വാസികളുടെ കൂട്ടായ്മയായ ഈ സംഘടനയില്‍ എല്ലാവരെയും ഒരുമിപ്പിക്കുന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണ്. നിസ്സഹായരായ സഹോദരങ്ങള്‍ക്ക് ആവശ്യമുള്ള സഹായം ആവശ്യമുള്ള സമയത്തു എത്തിച്ചു കൊടുക്കുകയും ഭൗതിക തലത്തില്‍ അവരുടെ വളര്‍ച്ചക്കും നിലനില്പിനുമുള്ള കാര്യങ്ങള്‍ ചെയ്യുകയും അത് നേടിയെടുക്കാന്‍ സഹായിക്കുകയുമാണ് ഈ സംഘടനയുടെ ലക്ഷ്യം.

സഹായം ആവശ്യമുള്ളവന് നല്ല അയല്‍ക്കാരനായി വര്‍ത്തിക്കുക എന്ന യേശുവിന്റെ സന്ദേശവും, ആവശ്യമുള്ളവന് സഹായം നല്കാനുള്ള ഉത്തരവാദിത്വവുമാണ് സംഘടനയ്ക്കുള്ളത്. ഒറ്റയ്ക്ക് വളരുക എന്നതിനേക്കാള്‍ ഒന്നിച്ചു വളരുക എന്നത് നമ്മുടെ സമൂഹത്തിന്റെ നിലനില്‍പ്പിനു ആവശ്യമാണ് എന്നൊക്കെയുള്ള തിരിച്ചറിവാണ് ഈ സംരംഭത്തിന്റെ തുടക്കത്തിലേയ്ക്ക് നയിച്ചത്. ഈ സംഘടനയില്‍ അംഗങ്ങളായിട്ടുള്ളത് വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നും വന്നിട്ടുള്ളവരാണ്. അതുകൊണ്ടു തന്നെ ഓരോരുത്തരുടേയും വിശ്വാസപരമായ കാര്യങ്ങളിലും ആധ്യാത്മിക വീക്ഷണങ്ങളി ലും കുറച്ചു വ്യത്യാസങ്ങള്‍ ഉണ്ടാകും.

അതുകൊണ്ട് ഓരോരുത്തരുടെയും വിശ്വാസത്തോട് ബഹുമാനം പുലര്‍ത്തുന്ന ഒരു കൂട്ടമായി മാറുവാനാണ് ഈ സംഘടന ഉദ്ദേശിക്കുന്നത്. അതുകൊണ്ടു തന്നെ വിശ്വാസപരമായ കാര്യങ്ങളില്‍ ഒരു ചര്‍ച്ചയോ, ഒരാളുടെ വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളോ, ഒരാളുടെ വിശ്വാസം മാത്രമാണ് ശരി എന്ന മനോഭാവമോ പ്രോത്സാഹിപ്പിക്കാന്‍ ഈ സംഘടന ആഗ്രഹിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് ഈ കൂട്ടായ്മക്ക് വിഘാതമായേക്കാം എന്നാണ് കരുതപ്പെടുന്നത്.

ആദ്ധ്യാത്മിക ജീവിതവും ദൈവവുമായുള്ള ബന്ധത്തിലുള്ള വളര്‍ച്ചയും ഓരോരുത്തരും അവരുടെ വിശ്വാസത്തിനനുസൃതമായി അവരുടെ വിശ്വാസ സമൂഹമോ സഭയുമായോ ബന്ധപെട്ടു രൂപപെടുത്തട്ടെ എന്നതാണ് നിലപാട്. ഈ സംഘടനയിലെ ഓരോരുത്തരും ഏതു സഭയിലോ കൂട്ടായ്മയിലോ ആണ് ഇപ്പോള്‍ അംഗമായിട്ടുള്ളത് അതില്‍ തുടരുകയും അവരുമായി സഹകരിച്ചു അവര്‍ ചെയ്യുന്ന നല്ല പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അത് ഓരോരുത്തരുടെയും ആദ്ധ്യാത്മിക വളര്‍ച്ചക്കും സഹായകരമാകും എന്നതാണ് സംഘടനയുടെ ഔദ്യോഗിക താല്പര്യം. സംഘടനയിലെ ഓരോരുത്തരും ഇപ്പോള്‍ ആയിരിക്കുന്ന സഭയുടെയോ കൂട്ടായ്മയൂടേയോ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുവാന്‍ ഈ കൂട്ടായ്മ ഒരു വേദിയാകേണ്ട കാര്യമില്ല.

അവിടെ നടക്കുന്നതൊന്നും സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കേണ്ടതുമില്ല എന്നതാണ് തീരുമാനം. അവര്‍ക്കു ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒരു സമൂഹമെന്ന നിലയില്‍ നേടിയെടുക്കാനാണു ഈ കൂട്ടായ്മ രൂപപ്പെടുത്തിയിരിക്കുന്നത്.ഈ കൂട്ടായ്മയെ ഒരു സഭയായി അല്ലെങ്കില്‍ ഒരു സമാനമായ കൂട്ടായ്മയായി വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതല്ല, അത് ഈകൂട്ടായ്മയുടെ ലക്ഷ്യവുമല്ല. കാരണം ഇതിന്റെ ലക്ഷ്യം ക്രൈസ്തവരുടെ ഭൗതിക ജീവിതത്തിന്റെയും നിലനില്പിന്റെയും വളര്‍ച്ചയും സുരക്ഷിതത്വവുമാണ്.

ക്രൈസ്തവ സമൂഹത്തിന്റെ വളര്‍ച്ചക്കും നിലനില്‍പ്പിനും, ഓരോ ക്രൈസ്തവന്റെയും ഭൗതികമായ വളര്‍ച്ചക്കും സന്തോഷകരവും സമാധാനപൂര്‍ണ്ണവുമായ ജീവിതത്തിനും പരമാവധികഴിയുന്നത് ചെയ്യണം എന്നതാണ് ഈ കൂട്ടായ്മകൊണ്ടു ഉദ്ദേശിക്കുന്നത്. വളരെ ലളിതമായി പറഞ്ഞാല്‍ ക്രൈസ്തവരുടെ ഭൗതിക വളര്‍ച്ചക്ക് വേണ്ടതെല്ലാം ക്രൈസ്തവ വിശ്വാസത്തിന്റെ മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ നേടിയെടുക്കാന്‍ ക്രൈസ്തവരെ സഹായിക്കുന്ന ഒരു കൂട്ടായ്മയായാണ് ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യന്‍ ക്രിസ്റ്റിയന്‍സ് (ഗോയിക്). അതിനുള്ള ചര്‍ച്ചകളും തീരുമാനങ്ങളും പ്രവൃത്തികളുമാണ് ഈ കൂട്ടായ്മയില്‍ നടത്തപ്പെടുന്നത്. ക്രൈസ്തവരുടെ ഭൗതിക വളര്‍ച്ചയും സുരക്ഷിതത്വവും മാത്രമായിരിക്കും സംഘടനയുടെ ലക്ഷ്യം.

Advertisment