തൊഴിലാളികള്‍ ശ്രദ്ധിക്കാതെ പോകുന്ന നികുതി ഇളവുകള്‍

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മനിയിലെ തൊഴിലാളികള്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നതു നിര്‍ബന്ധമല്ല. എന്നാല്‍, സമര്‍പ്പിക്കുന്നവര്‍ക്ക് ആയിരം യൂറോ തിരിച്ചു ലഭിക്കും എന്നത് പലര്‍ക്കും അറിയുകയുമില്ല. ഇത്തരത്തില്‍ പല നികുതി ഇളവുകള്‍ തൊഴിലാളികള്‍ ശ്രദ്ധിക്കാതെ പോകുന്നുണ്ട്.

Advertisment

publive-image

തൊഴിലുടമ ശമ്പളത്തില്‍ നിന്ന് നേരിട്ട് തുക പിടിച്ച് പ്രതിമാസം അടയ്ക്കുന്നതിനാലാണ് തൊഴിലാളികള്‍ നേരിട്ട് ആദായ നികുതി അടയ്ക്കുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്യണമെന്നു നിര്‍ബന്ധമില്ലാത്തത്. എന്നാല്‍, തൊഴിലുടമ ഇത്തരത്തില്‍ അടയ്ക്കുമ്പോള്‍ മിക്കവാറും തൊഴിലാളിക്ക് യാത്രാച്ചെലവ് മുതല്‍ ചൈല്‍ഡ് കെയര്‍ വരെയുള്ള ഇനങ്ങളില്‍ ലഭിക്കാവുന്ന ഇളവുകള്‍ കണക്കിലെടുക്കാറില്ല. അതിനാലാണ് വര്‍ഷാവസാനം തൊഴിലാളി റിട്ടേണ്‍ ഫയല്‍ ചെയ്ത് ഇളവ് വാങ്ങിയെടുക്കണമെന്നു പറയുന്നത്.

വിവാഹം കഴിക്കുന്നവര്‍ക്കും സിവില്‍ പാര്‍ട്ണര്‍ഷിപ്പ് രജിസ്ററര്‍ ചെയ്യുന്നവര്‍ക്കും സ്പൗസല്‍ സ്പ്ളിറ്റിങ് എന്ന പേരിലും നികുതി ഭാരം കുറയ്ക്കാന്‍ വ്യവസ്ഥയുണ്ട്. ഇതിനായി പങ്കാളികള്‍ സംയുക്തമായി അസസ്മെന്റ് നടത്തി റിട്ടേണ്‍ സമര്‍പ്പിക്കണം. ടാക്സ് ഓഫീസ് ഇരുവരുടെയും വരുമാനം ഒരുമിച്ച് കൂട്ടി രണ്ടായി ഹരിച്ച് ആ തുകയെയാണ് നികുതി കണക്കാക്കാന്‍ ഉപയോഗിക്കുക. പങ്കാളികളുടെ വരുമാനങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടെങ്കില്‍ ഇത്തരത്തില്‍ കണക്കാക്കുന്നതു വഴി വലിയ നികുതി ഇളവ് ലഭ്യമാകും.

തൊഴില്‍രഹിതരായിരുന്നവര്‍ സാമ്പത്തിക വര്‍ഷത്തിനിടയില്‍ വച്ച് ജോലിക്ക് കയറുകയാണെങ്കില്‍ വര്‍ഷാവസാനം റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ ജോലി ചെയ്യാത്ത കാലയളവിലേക്കുള്ള ഇളവ് ലഭ്യമാകും.

കുട്ടികള്‍ ഉള്ളവര്‍ക്ക് ചൈല്‍ഡ്കെയര്‍ ചെലവുകള്‍ നികുതി ഇളവായി അവകാശപ്പെടാം. ഡേകെയര്‍ ഫീസ്, സ്കൂള്‍ ഫീസ് തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും.

ജോലിക്കായി സ്ഥിരമായി ദീര്‍ഘയാത്ര ചെയ്യുന്നവര്‍ക്ക് ഇളവുകള്‍ക്ക് അര്‍ഹതയുണ്ട്. ആദ്യ ഇരുപതി കിലോമീറ്ററിന് മുപ്പത് സെന്റും തുടര്‍ന്ന് 38 സെന്റ് വീതവും ഇളവ് ലഭിക്കും. ബൈക്കോ കാറോ ട്രെയിനോ ഏത് മാധ്യമം ഉപയോഗിച്ച് യാത്ര ചെയ്താലും ഇതു ലഭ്യമാണ്.

തൊഴില്‍പരമായ ആവശ്യങ്ങള്‍ക്ക് വലിയ തുക മുടക്കി സാധനങ്ങള്‍ വാങ്ങേണ്ടിവരുന്നവര്‍ക്കു ഇളവിന് അര്‍ഹതയുണ്ട്. ഈ ആവശ്യങ്ങള്‍ക്കുള്ള തുക തൊഴിലുടമ ലഭ്യമാക്കുന്നില്ലെങ്കില്‍ മാത്രമാണ് നികുതിയില്‍ ഇളവ് ലഭിക്കുക.

വര്‍ക്ക് ഫ്രം ഹോം സംവിധാനം ഉഫയോഗപ്പെടുത്തുന്നവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഓരോ ദിവസവും ആറ് യൂറോ വീതം ഇളവ് കിട്ടും.

Advertisment