എഡിന്‍ബറോ: സ്കോട്ട്ലന്‍ഡിന്റെ മുന്‍ ഫസ്ററ് മിനിസ്ററര്‍ നിക്കോള സ്റ്റര്‍ജിയനെ പോലീസ് അറസ്റ്റ് ചെയ്തു. നിക്കോള പ്രതിനിധീകരിക്കുന്ന സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി തന്നെ ഉന്നയിച്ച ഫണ്ട് ദുരുപയോഗ ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് നടപടി.
/sathyam/media/post_attachments/ZHj8KtCdHKLq026ZHRXO.jpg)
2014 മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് വരെ പാര്‍ട്ടിയെ നയിച്ചത് നിക്കോളയാണ്. ഇതിനിടെയുണ്ടായ ഫണ്ട് ദുരുപയോഗമാണ് അന്വേഷണത്തിന്റെ പരിധിയിലുള്ളത്. കുറ്റപത്രം ചുമത്തുന്നതു വരെ യുകെ പോലീസ് ആരെയും പ്രതികളെന്നു വിശേഷിപ്പിക്കാറില്ലെങ്കിലും, ഈ കേസില്‍ നിക്കോള പ്രതിയാകുമെന്ന് ഉറപ്പാണെന്ന് അധികൃതര്‍ അനൗദ്യോഗികമായി സമ്മതിക്കുന്നു.
അമ്പത്തിരണ്ടുകാരി നിലവില്‍ കസ്ററഡിയിലാണെന്നും ഡിറ്റക്റ്റീവുകള്‍ ചോദ്യം ചെയ്തുവരുകയാണെന്നും അറിയിച്ച സ്കോട്ട്ലന്‍ഡ് പോലീസ്, പിന്നീട് അവരെ വിട്ടയച്ച വിവരവും പുറത്തുവിട്ടു.
ഏപ്രിലില്‍ നിക്കോളയുടെ ഭര്‍ത്താവ് പീറ്റര്‍ മ്യൂറലിനെയും സമാനമായ കേസില്‍ അറസ്ററ് ചെയ്ത ശേഷം മോചിപ്പിച്ചിരുന്നു.
ആരോപിക്കപ്പെടുന്ന കുറ്റം താന്‍ ചെയ്തിട്ടില്ലെന്ന് അമ്പത്തിരണ്ടുകാരിയായ നിക്കോള പിന്നീട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അവകാശപ്പെട്ടു.