ബര്‍ലിന്‍: ദീര്‍ഘമായ നടപടിക്രമങ്ങള്‍ക്കൊടുവിലാണ് വിദേശ കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി ലഭിക്കുന്നത്. അല്‍പ്പം കൂടി പരിശ്രമിച്ചാല്‍ ഒരു പടി കൂടി കടന്ന് ജര്‍മന്‍ പൗരത്വം തന്നെ സ്വന്തമാക്കാന്‍ കഴിയും. അത്രയും അധ്വാനിക്കേണ്ട ആവശ്യമുണ്ടോ എന്ന സംശയം പല കുടിയേറ്റക്കാര്‍ക്കും ആവശ്യമുള്ളത്. റെസിഡന്‍സിയെക്കാള്‍ മെച്ചം പൗരത്വത്തിനു തന്നെ എന്നാണ് പൊതു വിലയിരുത്തല്‍. കാരണങ്ങള്‍ ഇതാ:
1. ജര്‍മന്‍ പൗരത്വം ഒരിക്കല്‍ ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ നഷ്ടപ്പെടില്ലെന്നതു തന്നെയാണ് ആദ്യത്തെ കാരണം. മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുന്നതിനു വേണ്ടി സ്വന്തമായി ഉപേക്ഷിച്ചാല്‍ അല്ലാതെ ജര്‍മന്‍ പൗരത്വം നഷ്ടമാകില്ല. പിആര്‍ ഉള്ളവരെപ്പോലെ രാജ്യത്തുനിന്നു പോകുമ്പോഴും വരുമ്പോഴുമുള്ള പല നടപടിക്രമങ്ങളും പൗരത്വമുള്ളവര്‍ക്ക് ബാധകമല്ല. ആറു മാസത്തിലധികം രാജ്യത്തു നിന്നു വിട്ടുനില്‍ക്കരുതെന്ന പിആര്‍ നിബന്ധനയൊന്നും പൗരന്‍മാര്‍ക്കില്ല. രാജ്യത്തേക്കു വരുകയേ ചെയ്തില്ലെങ്കിലും അതു പൗരത്വത്തെ ബാധിക്കില്ല.
2. ജര്‍മനിയിലെ ഫെഡറല്‍ തെരഞ്ഞെടുപ്പിലും സ്റേററ്റ് തെരഞ്ഞെടുപ്പുകളിലുമെല്ലാം വോട്ട് ചെയ്യാനുള്ള അവകാശം പൗരന്‍മാര്‍ക്കു മാത്രമാണ്. ഇരുപതോ മുപ്പതോ വര്‍ഷമായി ജര്‍മനിയില്‍ താമസിക്കുന്ന റെസിന്‍ഡന്‍സി പെര്‍മിറ്റുള്ളയാളാണെങ്കിലും വോട്ട് ചെയ്യാന്‍ പൗരത്വം തന്നെ വേണം.
3. ജര്‍മനിയിലെ ചില ജോലികള്‍ പൗരത്വമുള്ളവര്‍ക്കു മാത്രം ലഭിക്കുന്നതാണ്. പെര്‍മന്റ് റെസിഡന്‍സിയുള്ളവര്‍ക്ക് ഇതില്‍ പലതിനും അപേക്ഷിക്കാന്‍ സാധിക്കില്ല. രാഷ്ട്രീയത്തില്‍ കരിയര്‍ കണ്ടെത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും പൗരത്വം നിര്‍ബന്ധം.
4. ജര്‍മന്‍ പൗരത്വം എന്നുവച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ പൗരത്വം കൂടിയാണ്. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുക എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. യൂറോപ്യന്‍ യൂണിയനിലെവിടെയും പഠിക്കാനും ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവകാശമാണ് ഇതുവഴി ലഭിക്കുന്നത്.
5. പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് എളുപ്പമാക്കാനും ജര്‍മന്‍ പാസ്പോര്‍ട്ട് സഹായിക്കും. ജര്‍മന്‍ പൗരന്‍മാര്‍ക്ക് 190 രാജ്യങ്ങളില്‍ പോകാന്‍ വിസ ആവശ്യമില്ല, അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാണ്.
6. ജര്‍മന്‍ പൗരത്വമുള്ളവരുടെ കുട്ടികള്‍ ജനിക്കുന്നത് ഏതു രാജ്യത്താണെങ്കിലും അവര്‍ക്കും ജര്‍മന്‍ പൗരത്വം ലഭിക്കുമെന്നതാണ് മറ്റൊരു മെച്ചം. എട്ടു വര്‍ഷമായി പെര്‍മനന്റ് റെസിഡന്‍സിയുള്ളവരുടെ കാര്യത്തിലും കുട്ടികള്‍ക്ക് പൗരത്വം ലഭിക്കും, പക്ഷേ, അവര്‍ ജനിക്കുന്നത് ജര്‍മനിയില്‍ തന്നെയായിരിക്കണമെന്നതു നിര്‍ബന്ധമാണ്.
7. വലിയ ബാങ്ക് വായ്പകളെടുക്കാന്‍ ജര്‍മന്‍ പൗരത്വം നിര്‍ബന്ധമാണ്. പിആര്‍ ഉള്ളവര്‍ക്കും ഇതു ലഭ്യമാണെങ്കിലും നിബന്ധനകള്‍ കൂടുതലായിരിക്കും.