ദേശീയ സുരക്ഷാ പദ്ധതിയുമായി ജര്‍മനി

author-image
athira p
New Update

ബര്‍ലിന്‍: ചരിത്രത്തില്‍ ആദ്യമായി ജര്‍മനി ദേശീയ സുരക്ഷാ പദ്ധതി അവതരിപ്പിച്ചു. വിദേശ ~ സുരക്ഷാ നയങ്ങള്‍ ഏകോപിപ്പിച്ച് രാജ്യത്തെ ആഗോള സംഘര്‍ഷങ്ങളില്‍നിന്നു സംരക്ഷിച്ചു നിര്‍ത്തുകയാണ് ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അവതരിപ്പിച്ച പദ്ധതി ലക്ഷ്യമിടുന്നത്.

Advertisment

publive-image

മുന്‍പ് സംഭവിച്ചിട്ടുള്ള പിഴവുകള്‍ പലപ്പോഴും സര്‍ക്കാരിനു നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കൂടിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് സര്‍ക്കാരിന്റെ വിശദീകരണം.

ജര്‍മനിക്ക് മുന്‍പ് സുരക്ഷാ കാര്യങ്ങളില്‍ നയരേഖകള്‍ ഉണ്ടായിരുന്നെങ്കിലും തന്ത്രപരമായ ഏകോപനത്തോടെ ദേശീയ സുരക്ഷാ പദ്ധതി തയാറാക്കുന്നത് ഇതാദ്യമാണ്.

യൂറോപ്പിന്റെ സുരക്ഷാ ഘടനയില്‍ തന്നെ സമൂല മാറ്റം വന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യം ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഷോള്‍സ് പറഞ്ഞു. പൗരന്‍മാരുടെ സുരക്ഷ തന്നെയാണ് അടിസ്ഥാന ലക്ഷ്യമെന്നും ചാന്‍സലര്‍.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വന്നിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി അന്നലേന ബെയര്‍ബോക്കും ചൂണ്ടിക്കാട്ടി.

അടുത്ത വര്‍ഷം മുതല്‍ പ്രതിരോധ മേഖലയ്ക്ക് വകയിരുത്തുന്ന തുക ബജറ്റിന്റെ രണ്ടു ശതമാനത്തിലേക്ക് ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രി ക്രിസ്റ്റ്യന്‍ ലിന്‍ഡ്നര്‍.

Advertisment