കൊളോണില്‍ മാതാവിന്റെ തിരുനാളിന് കൊടിയേറി

author-image
athira p
New Update

കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പത്തിയൊന്നാമത്തെ തിരുനാളിനും, ഭാരത അപ്പസ്തോലന്‍ മാര്‍ത്തോമാ ശ്ളീഹായുടെ തിരുനാളിനും ജൂണ്‍ 17 ന് (ശനി) വൈകുന്നേരം അഞ്ചു മണിയ്ക്ക് തുടക്കം കുറിച്ചു. ഇന്‍ഡ്യന്‍ കമ്യൂണിറ്റി വികാരി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം നടപ്പുവര്‍ഷത്തെ പ്രസിദേന്തി സന്തോഷ്, ജോസ്ന വെമ്പേനിയ്ക്കല്‍ കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ പള്ളിയില്‍ നിന്നും ആഘോഷമായ പ്രദക്ഷിണത്തോടുകൂടിയാണ് കൊടിയേറിയത്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.

Advertisment

publive-image

തിരുനാളിനോടനുബന്ധിച്ച് തികച്ചും കേരളത്തനിമയില്‍ പള്ളിയിലെ അള്‍ത്താരയും ബലിവേദിയും ദേവാലയാങ്കണവും ബഹുവര്‍ണ്ണ തോരണങ്ങളാല്‍ കമനീയമായി അലങ്കരിച്ചിട്ടുണ്ട്. മുത്തുക്കുടകളും വര്‍ണ്ണപ്പൊലിമയുള്ള ബാനറുകളും എങ്ങും നിരത്തിയത് കേരളത്തിലെ സീറോ മലബാര്‍ ആരാധനാ ക്രമത്തിലുള്ള തിരുനാളാഘോഷത്തെ അനുസ്മരിപ്പിയ്ക്കുതാണ്.

ജൂണ്‍ 18 നാണ് (ഞായര്‍) തിരുനാളിന്റെ മുഖ്യപരിപാടികള്‍. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്ററീഫന്‍ ചിറപ്പണത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ പത്തു മണിയ്ക്ക് ആഘോഷമായി നടക്കുന്ന സമൂഹബലിയില്‍ നിരവധി വൈദികര്‍ സഹകാര്‍മ്മികരായിരിയ്ക്കും. പ്രസിദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരിയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് ആരംഭിയ്ക്കുന്ന വൈവിധ്യങ്ങളായ കലാപരിപാടികള്‍ക്കൊപ്പം സമാപനത്തില്‍ ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും, എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെയും ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാളിന്റെ കീഴിലുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്.ഏതാണ്ട് എണ്ണൂറോളം കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ 22 വര്‍ഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ. കമ്യൂണിറ്റി വികാരിയായി സേവനം ചെയ്യുന്നു. ബോണില്‍ താമസിയ്ക്കുന്ന റാന്നി സ്വദേശി സന്തോഷ്, ജോസ്ന വെമ്പാനിക്കല്‍ കുടുംബമാണ് ഈ വര്‍ഷത്തെ പ്രസിദേന്തി.

Advertisment