ലോകത്തെ ഏറ്റവും കൂടുതല്‍ ശതകോടീശ്വരമ്മാര്‍ ന്യൂയോര്‍ക്കില്‍

author-image
athira p
New Update

ബര്‍ലിന്‍: ആഗോള തലത്തില്‍ മുഴുവന്‍ സമ്പത്തിന്റെയും ഭൂരിഭാഗം ചുരുക്കം ചിലരുടെ കൈകളിലാണ് എന്നും മിക്കപ്പോഴും വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ലോകത്തെ ശതകോടീശ്വരന്മാര്‍ താമസിക്കുന്ന രാജ്യങ്ങള്‍, സ്ഥലങ്ങള്‍ പ്രദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ ഇന്‍ഡ്യയും ഇന്‍ഡ്യാക്കാരും മോശക്കാരല്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ താമസിക്കുന്നത് ന്യുയോര്‍ക്കിലാണ്. 136 ശത കോടീശ്വരന്മാരാണ് ഇവിടെയുള്ളത്. 2022 ലെ കണക്കുകളെ അടിസ്ഥാനമാക്കി വെല്‍ത്ത് വാല്യൂവേഷന്‍ കമ്പനിയായ വെല്‍ത്ത് എക്സും അള്‍ട്രേറ്റയും ചേര്‍ന്ന് തയ്യാറാക്കിയ പട്ടികയില്‍ ന്യുയോര്‍ക്കിനെ കൂടാതെ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയും ലോസ് ഏഞ്ചലസും ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.

Advertisment

രണ്ടാം സ്ഥാനത്ത് ഹോങ്കോംഗ് എത്തിയപ്പോള്‍ മൂന്നാം സ്ഥാനം സാന്‍ഫ്രാന്‍സിസ്കോ പിടിച്ചുപറ്റി. 84 ശതകോടീശ്വരന്മാരാണ് സാന്‍ഫ്രാന്‍സിസ്കോയില്‍ താമസിക്കുന്നത്. പുടിന്റെ മോസ്കോ, റിഷി സുനാകിന്റെ ലണ്ടന്‍ എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. 39 ശതകോടീശ്വരന്മാര്‍ താമസിക്കുന്ന മുംബൈ നഗരം പട്ടികയില്‍ പത്താം സ്ഥാനത്താണ്.

അമേരിക്കയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ രണ്ട് ശതമാനം കുറവുണ്ടായപ്പോള്‍ സിംഗപ്പൂരിലും റഷ്യയിലും ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി.

നിലവിലെ സാമ്പത്തിക തകര്‍ച്ചയില്‍ ആഗോളാടിസ്ഥാനത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം കുറഞ്ഞു വരികയാണ്. എന്നാല്‍ ഗ്ളോബല്‍ തലത്തില്‍ ശതകോടീശ്വര പട്ടികയില്‍ വെറും 12.5 ശതമാനം മാത്രമാണ് സ്ത്രീകളുടെ സ്ഥാനം.

ശതകോടീശ്വരന്മാരുടെ പ്രായത്തിന്റെ കണക്കില്‍ 50 വയസ്സിന് താഴെയുള്ള വര്‍ വെറും 9.5 ശതമാനം മാത്രംമാണ്. 50 നും 70 നും ഇടയില്‍ പ്രായമുള്ളവരാണ് 48.2 ശതമാനം ശതകോടീശ്വരന്മാരും. 42.2 ശതമാനം 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരും.

 

Advertisment