ഡബ്ലിന്‍ : ഉയരുന്ന പലിശ നിരക്ക് മൂലം ബുദ്ധിമുട്ടുന്ന മോര്‍ട്ട്ഗേജുടമകള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങുണ്ടാകില്ല. മോര്‍ട്ട്ഗേജ് പലിശയില്‍ താല്‍ക്കാലിക ഇളവ് നല്‍കി വായ്പക്കാരെ സഹായിക്കാനുള്ള ഇതു സംബന്ധിച്ച നിര്‍ദ്ദേശം പ്രധാനമന്ത്രി ലിയോ വരദ്കര്‍ നിരാകരിച്ചതോടെയാണ് ഈ സാധ്യത ഇല്ലാതായത്.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എട്ടാം തവണയും പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ്-റേറ്റ് ഹോം മോര്‍ട്ട്‌ഗേജ് നിരക്ക് ഇപ്പോള്‍ ആറ് ശതമാനത്തിന് തൊട്ടു താഴെയെത്തി നില്‍ക്കുകയാണ്..ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഭാഗത്തുനിന്നും ഇടപെടല്‍ പ്രതീക്ഷിച്ചിരുന്നു.പലിശനിരക്ക് വര്‍ധന മൂലം ബുദ്ധിമുട്ടുന്ന വീട്ടുകാരെ എങ്ങനെ സഹായിക്കാനാകുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ വ്യക്തമാക്കിയിരുന്നു. ഈ സാധ്യതയാണ് പ്രധാനമന്ത്രി തള്ളിക്കളഞ്ഞത്.
പലിശ ഇളവു നല്‍കുന്നത് വളരെ സങ്കീര്‍ണ്ണമായ പ്രശ്നമാണെന്നും വരദ്കര്‍ പറഞ്ഞു.താല്‍ക്കാലികം എന്ന നിലയില്‍ ഈ ഇളവുകള്‍ നല്‍കാനാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.വളരെ കാലത്തേയ്ക്ക് കുറഞ്ഞ പലിശനിരക്കായിരുന്നു നമുക്കുണ്ടായിരുന്നത്. ഇപ്പോഴത് 3% നും 5% നും ഇടയിലായി പുനക്രമീകരിക്കുകയാണ്.
വില സ്ഥിരത പുനസ്ഥാപിക്കുന്നതിനാണ് ഇ സി ബി നിരക്ക് കൂട്ടിയത്.മോര്‍ട്ട്ഗേജുകാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.വര്‍ധിച്ച പലിശ നിരക്കിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ നേരിടുന്നവര്‍ക്ക് ദീര്‍ഘകാലമായി കുറഞ്ഞ പലിശനിരക്കേ ഉണ്ടായിരുന്നുള്ളുവെന്നും വരദ്കര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ഈ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സിന്‍ ഫെയ്ന്‍ രംഗത്തുവന്നു.ഇ സി ബി മോര്‍ട്ട്ഗേജ് പലിശ നിരക്ക് ആവര്‍ത്തിച്ച് വര്‍ധിപ്പിക്കുമ്പോഴും സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് സിന്‍ ഫെയ്‌നിന്റെ ധനകാര്യ വക്താവ് പിയേഴ്‌സ് ഡോഹെര്‍ട്ടി ആരോപിച്ചു.സര്‍ക്കാരിന്റെ തല മണ്ണില്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് വക്താവ് പറഞ്ഞു.
ബജറ്റില്‍ വിഷയം പരിഗണിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.മോര്‍ട്ഗേജെടുത്തവരും മറ്റും വലിയ പ്രതിസന്ധിയിലാണ്.പലിശ വര്‍ധിച്ചതു മൂലം പ്രതിമാസ പേമെന്റിലുണ്ടായ വര്‍ധന ഇവര്‍ക്ക് താങ്ങാനാവാത്തതാണ്.ഇനിയും പലിശ കൂട്ടുമെന്നാണ് ഇ സി ബി വ്യക്തമാക്കിയിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും വക്താവ് ആവശ്യപ്പെട്ടു.
ഇടിത്തീ പോലെ പലിശ വര്‍ദ്ധനവ്
യൂറോ സോണിലെ സാമ്പത്തിക നിയന്ത്രണ നടപടികളുടെ ഭാഗമായി വീണ്ടും പലിശ നിരക്കുയര്‍ത്തി ഇ സി ബി നടപടിക്കെതിരെ ഏറെ വിമര്‍ശനമുയരുന്നുണ്ട്
.കഴിഞ്ഞ 22 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന (3.5%)നിരക്കിലെത്തിയിരിക്കുകയാണിപ്പോള്‍ യൂറോ മേഖലയിലെ വായ്പാ പലിശ നിരക്ക്. ഇതു കൊണ്ടും തീര്‍ന്നിട്ടില്ലെന്ന സൂചനയാണ് ബാങ്ക് നല്‍കുന്നത്.
തുടര്‍ച്ചയായ എട്ടാം തവണയും .25 ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് ബാങ്ക് വരുത്തിയിട്ടുള്ളത്.പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പലിശനിരക്കുകള്‍ ഉയര്‍ത്തിയതെന്ന് ഇ സി ബി പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡ് പറഞ്ഞു.വരും മാസങ്ങളില്‍ കൂടുതല്‍ വര്‍ധനവുണ്ടാകുമെന്നും ഇദ്ദേഹം വെളിപ്പെടുത്തി.
വേതന വര്‍ധനവും കമ്പനികള്‍ വില ഉയര്‍ത്തുന്നതുമാണ് പണപ്പെരുപ്പത്തിന്റെ പ്രധാന കാരണമെന്ന് ലഗാര്‍ഡ് വിശദീകരിച്ചു.യൂറോ സോണിലെ പണപ്പെരുപ്പം മാസങ്ങളായി 6.1% എന്ന മിതമായ നിരക്കിലാണ്. എന്നിരുന്നാലും ഇത് കൂടുതല്‍ നിയന്ത്രണ വിധേയമാക്കേണ്ടതുണ്ടെന്ന് ഇ സി ബി കരുതുന്നു.
ഇ സി ബി നിരക്ക് വര്‍ധന ട്രാക്കര്‍ ഉപഭോക്താക്കളെയും ബാധിക്കും.അവരുടെ മോര്‍ട്ട്ഗേജ് നിരക്കില്‍ 0.25 ശതമാനം പോയിന്റിന്റെ വര്‍ധനവാകും ഉടനുണ്ടാവുക.
ട്രാക്കറില്‍ 1,00,000 യൂറോ ബാക്കിയുണ്ടെങ്കില്‍, തിരിച്ചടവില്‍ പ്രതിമാസം 12-13 യൂറോയുടെ വര്‍ധനവുണ്ടാകും.200,000 യൂറോയുടെ കുടിശ്ശികയുണ്ടെങ്കില്‍ തിരിച്ചടവില്‍ 25 യൂറോയില്‍ കൂടുതല്‍ വര്‍ധനവുണ്ടാകും.കഴിഞ്ഞ ജൂലൈ മുതലുള്ള പലിശ വര്‍ധനവ് മൂലം ട്രാക്കര്‍ ഉപഭോക്താക്കള്‍ ഓരോ മാസവും നൂറുകണക്കിന് യൂറോയാണ് അധികമായി നല്‍കുന്നതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.