ബര്‍ലിന്‍: ജര്‍മനിയില്‍ ശിശുസംരക്ഷണവകുപ്പ് ഏറ്റെടുത്ത ഇന്ത്യന്‍ വംശജയായ രണ്ടര വയസുകാരിയെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യം ജര്‍മന്‍ കോടതി നിരസിച്ചു.
/sathyam/media/post_attachments/e0ALeK8gZXYnqvwxneyJ.jpg)
അരിഹ ഷാ എന്ന കുട്ടിക്ക് ഏറ്റ പരിക്ക് ആകസ്മികമാണെന്ന മാതാപിതാക്കളുടെ വാദം കോടതി തള്ളുകയായിരുന്നു. കുട്ടിയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും വിശദീകരണം. മാതാപിതാക്കളായ ധാര, ഭാവേഷ് ഷാ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ബെര്‍ലിനിലെ കോടതി തള്ളിയത്.
അരിഹാ ഷായ്ക്ക് ഏഴ് മാസം പ്രായമുള്ളപ്പോള്‍ 2021 സെപ്റ്റംബര്‍ മുതല്‍ ബര്‍ലിനിലെ ഒരു കെയര്‍ഹോമിലാണ് കഴിയുന്നത്. കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് അധികൃതരുടെ ആരോപണം.
2018~ലാണ് സോഫ്റ്റ്വെയര്‍ എഞ്ചിനിയറായ ഭാവേഷ് ഷായും ഭാര്യ ധാരയും മുംബൈയില്‍ നിന്ന് ജര്‍മനിയിലെത്തുന്നത്. അരിഹ ജനിച്ചത് ജര്‍മനിയിലാണ്. കളിക്കുന്നതിനിടെ വീണ് അരിഹയുടെ സ്വകാര്യഭാഗത്ത് പരുക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതരാണ് പീഡനം എന്ന രീതിയില്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്.
മുത്തശ്ശി ഒപ്പമുണ്ടായിരുന്നപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റതെന്ന് മാതാപിതാക്കളുടെ വാദം അധികൃതര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് അരിഹയെ ജര്‍മനിയിലെ കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.
മാതാപിതാക്കള്‍ക്കെതിരെ ജര്‍മന്‍ പോലീസ് അന്വേഷണവും ആരംഭിച്ചു. പിന്നീട് കുട്ടിയെ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് മാതാപിതാക്കള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കുറ്റം ഒഴിവാക്കുകയും കേസ് പിന്‍വലിക്കുകയും ചെയ്തു.
എന്നാല്‍ കുട്ടിയെ വിട്ടുകൊടുക്കാന്‍ ജര്‍മന്‍ അധികൃതര്‍ തയ്യാറായില്ല. പരിക്കുകള്‍ക്ക് ഉത്തരവാദി ദമ്പതികളാണോ എന്ന് കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ക്രിമിനല്‍ കുറ്റങ്ങള്‍ ഉപേക്ഷിച്ചതെന്നും കുട്ടിയുടെ സുരക്ഷ സംബന്ധിച്ച ചട്ട ലംഘനം നടന്നെന്നുമാണ് അധികൃതര്‍ പറഞ്ഞത്.
കുട്ടിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ജര്‍മനിയോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി., കോണ്‍ഗ്രസ്, സി.പി.എം., തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുള്‍പ്പെടെ 19 പാര്‍ട്ടികളില്‍നിന്നുള്ള 59 എം.പി.മാരുടെ സംഘം ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ ഫിലിപ്പ് അക്കെര്‍മന് കത്തയക്കുകയും ചെയ്തിരുന്നെങ്കിലും ഫലമുണ്ടായില്ല.