ഇന്‍റര്‍നെറ്റ് ഷട്ട്ഡൗണില്‍ മുന്നില്‍ ഇന്ത്യ; നഷ്ടം 23,000 കോടി ഡോളര്‍

author-image
athira p
New Update

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ലോകത്താകെ 35 രാജ്യങ്ങളിലായി 187 തവണയാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ എണ്‍പത്തിനാലും ഇന്ത്യയിലായിരുന്നു! രണ്ടാം സ്ഥാനത്തുള്ള യുക്രെയ്നും മൂന്നാമതുള്ള ഇറാനുമെല്ലാം ബഹുദൂരം പിന്നില്‍.

Advertisment

publive-image

പരീക്ഷയില്‍ കോപ്പിയടി തടയാന്‍ മുതല്‍ സംഘര്‍ഷമേഖലകളില്‍ ക്രമസമാധാന പാലനത്തിനു വരെ ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് സേവനം മരവിപ്പിച്ചു. 84 തവണ ഷട്ട്ഡൗണ്‍ ചെയ്തതില്‍ 49 തവണയും ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായാണ്. രാജസ്ഥാനിലാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ അധ്യാപക നിയമനത്തിനുള്ള പരീക്ഷയ്ക്കിടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന് പ്രചരിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്.

2019ല്‍ ജമ്മു കശ്മീരില്‍ ആരംഭിച്ച ഇന്‍റര്‍നെറ്റ് ഷട്ട്ഡൗണ്‍ 552 ദിവസം ദീര്‍ഘിച്ചിരുന്നു. സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ശേഷം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായിരുന്നു ഇത്. എന്നാല്‍, കശ്മീര്‍ പോലെ സ്ഫോടനാത്മക സാഹചര്യം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മാത്രമല്ല ഇത് ഉപയോഗിപ്പെടുന്നതെന്ന് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കണ്ടു. 2020, 2020, 2021 വര്‍ഷങ്ങളിലായി പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെയും കര്‍ഷക പ്രക്ഷോഭത്തെയുമെല്ലാം നേരിടാന്‍ ഇതേ മാര്‍ഗം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഈ വര്‍ഷമാദ്യം ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പ്രദര്‍ശിപ്പിക്കുന്നതു തടയാന്‍ വരെ ഇന്‍റര്‍നെറ്റ് കട്ട് ചെയ്യുക എന്ന വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ഇപ്പോഴും തുടരുന്ന സംഘര്‍ഷം നേരിടാനും ഇന്‍റര്‍നെറ്റ് കട്ട് ചെയ്യുന്നുണ്ട്. മേയിലാണ് ഇത് ഏറ്റവും കൂടുതലുണ്ടായത്.

ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ പഠനമനുസരിച്ച്, രാജ്യത്ത് 76 കോടി ആളുകളാണ് 2022ല്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരായുണ്ടായിരുന്നത്. രാജ്യത്തെ ജനസംഖ്യയുടെ പകുതി മാത്രമാണിതെങ്കില്‍പ്പോലും (52 ശതമാനം), ഇന്‍റര്‍നെറ്റ് നേരിട്ട് ഉപയോഗിക്കാത്തവരെയും ഷട്ട്ഡൗണുകള്‍ നേരിട്ടു ബാധിക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഭക്ഷ്യ റേഷനും സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരമുള്ള പെന്‍ഷനും മറ്റും വൈകാന്‍ ഇതു കാരണമാകും. ഫോണ്‍ ഉപയോഗിച്ചുള്ള പണം കൈമാറ്റം രാജ്യത്ത് വ്യാപകമായിക്കഴിഞ്ഞ സാഹചര്യത്തില്‍, ഇന്‍റര്‍നെറ്റ് സേവനം നിലയ്ക്കുന്നത് വ്യാപാരികളില്‍ ചെറുകിടക്കാരെയും വന്‍കിടക്കാരെയും ഒരുപോലെ ബാധിക്കും.

ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ 96 ശതമാനം പേരും മൊബൈല്‍ ഇന്‍റര്‍നെറ്റിനെയാണ് ആശ്രയിക്കുന്നതെന്ന് ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ കണക്കുകളില്‍ വ്യക്തമാണ്. അതിനാല്‍ തന്നെ ഇന്‍റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ പലരുടെയും ജീവനോപാധികളെ തന്നെ ബാധിക്കുന്നു എന്നതാണ് വസ്തുത.

കഴിഞ്ഞ വര്‍ഷത്തെ ഇന്‍റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ കാരണം ഇന്ത്യയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം 23,000 കോടി ഡോളറാണെന്ന് ഇന്‍റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ കണക്കാക്കുന്നു.
ജനാധിപത്യത്തിന്‍റെ ശ്രീകോവിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയ്ക്ക് മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ 161ാം സ്ഥാനമാണ് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് നല്‍കിയിട്ടുള്ളത്. ആകെ 180 രാജ്യങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന റാങ്ക് പട്ടികയിലാണിതെന്നോര്‍ക്കണം.
മാധ്യമ സ്വാതന്ത്ര്യത്തിലെ കൈകടത്താലായും, വിവരാവകാശത്തിലെ വിലക്കായും, അഭിപ്രായ സ്വാതന്ത്ര്യത്തിലെ പ്രതിബന്ധമായുമെല്ലാമാണ് ഇന്‍റര്‍നെറ്റ് ഷട്ട്ഡൗണുകളും വിലയിരുത്തപ്പെടുന്നത്. 2015 മുതലിങ്ങോട്ട് കേന്ദ്ര സര്‍ക്കാര്‍ ബ്ളോക്ക് ചെയ്ത വെബ്സൈറ്റുകളുടെ എണ്ണം 55,000 കടന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഡിലീറ്റ് ചെയ്യിച്ച സമൂഹ മാധ്യമ പോസ്ററുകള്‍ ആറായിരത്തിനു മുകളിലാണ്.

Advertisment