ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഭവനരഹിതരുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആശങ്കയുണ്ടാക്കുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നൂറുകണക്കിന് കുടുംബങ്ങളാണ് തലചായ്ക്കാനിടമില്ലാതെ തെരുവില്‍ കഴിയുന്നത്. ‘ഹൗസ് ഫോര്‍ ഓള്‍’ പോലെയുള്ള പദ്ധതികള്‍ കൂടുതല്‍ കൃത്യതയോടെ ആവിഷ്‌കരിച്ചില്ലെങ്കില്‍ വരുംമാസങ്ങളില്‍ ഭവനരഹിതര്‍ ഇനിയും കൂടുമെന്ന് ചാരിറ്റികള്‍ ചൂണ്ടിക്കാണിക്കുന്നു. ഹോംലെസ് ഹൗസിംഗ് അസിസ്റ്റന്‍സ് പേയ്മെന്റ് (എച്ച്. എ. പി) പരിധിക്കുള്ളില്‍ ലഭ്യമായ സൗകര്യങ്ങളുടെ അഭാവമാണ് ഭവനരഹിതരുടെ എണ്ണം കൂടാനുള്ള പ്രധാന കാരണം. എച്ച്. എ. പി പരിധി ഉയര്‍ത്തുന്നത് ഭവനരാഹിത്യം കുറയ്ക്കുന്നതിനെ സഹായിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
കോവിഡ് പാന്‍ഡെമിക് സമയത്ത് ഭവനരഹിതരുടെ എണ്ണം കുറയ്ക്കുന്നതിന് കൂട്ടായ ശ്രമമുണ്ടായിരുന്നു. അതിലൂടെ ഭവരഹിതരുടെ എണ്ണം 2000-ത്തിലെത്തിക്കാനും കഴിഞ്ഞിരുന്നു. ഇത്തരത്തിലുള്ള ഇടപെടലുകള്‍ കൂടുതല്‍ സജീവമാക്കുകയാണ് വേണ്ടതെന്നും ചാരിറ്റികള്‍ ആവശ്യപ്പെടുന്നു. സോഷ്യല്‍ ഹൗസിംഗ് വര്‍ദ്ധിപ്പിച്ചും പ്രതിരോധം മെച്ചപ്പെടുത്തിയും ഹൗസിംഗ് ഫോര്‍ ഓള്‍ പദ്ധതി പരിഷ്‌കരിച്ചു നടപ്പാക്കണമെന്ന് ചാരിറ്റികള്‍ നിര്‍ദ്ദേശിക്കുന്നു.
വീടില്ലാത്തവരുടെ തലസ്ഥാനമായി ഡബ്ലിന്‍!
തലസ്ഥാനത്താണ് ഏറ്റവും കൂടുതലാളുകള്‍ വീടില്ലാതെ തെരുവില്‍ കഴിയുന്നതെന്ന് ഭവനവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 11700 വീടില്ലാത്തവരെയാണ് സ്ഥിരീകരിച്ചത്. ഇതില്‍ 4220 പേരും ഡബ്ലിനിലാണ്.
തുടര്‍ച്ചയായ രണ്ടാം മാസമാണ് ഭവനരഹിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത്.
സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍ തെരുവിലെത്തുന്നവരുടെ എണ്ണം ഇനിയും കൂടും
കുടിയൊഴിപ്പിക്കലുകളും വാടകസംബന്ധമായ പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നതിനാല്‍ ഈ വര്‍ഷാവസാനം ഭവനരഹിതരുടെ എണ്ണം ഇനിയും കൂടുമെന്നാണ് സൂചനയെന്ന് ഹോം ലെസ് ചാരിറ്റി ഫോക്കസ് അയര്‍ലണ്ട് ഡയറക്ടര്‍ മൈക്ക് അലന്‍ പറയുന്നു. കോര്‍ക്കില്‍ 413, ഗോള്‍വേയില്‍ 234, ലിമെറിക്കില്‍ 210 എന്നിങ്ങനെയുമുണ്ട് ഭവനരഹിതര്‍.
ഡബ്ലിനിലെ വീടില്ലാത്തവരുടെ എണ്ണം കൂടുന്നതില്‍ നിരാശയുണ്ടെന്ന് ഡബ്ലിന്‍ സൈമണ്‍ കമ്മ്യൂണിറ്റി പറഞ്ഞു. സോഷ്യല്‍ ഹൗസിംഗുകളും അഫോര്‍ഡബിള്‍ ഭവനങ്ങളും ലഭ്യമാക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് കമ്മ്യൂണിറ്റി സര്‍വീസസ് സീനിയര്‍ മാനേജര്‍ കരോലിന്‍ മുറെ പറഞ്ഞു. ധാരാളം കുടുംബങ്ങളും ദമ്പതികളും അവിവാഹിതരും ഒരു വര്‍ഷത്തിലേറെയായി എമര്‍ജന്‍സി അക്കൊമൊഡേഷനില്‍ കഴിയുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
താമസസൗകര്യങ്ങള്‍ കണ്ടെത്തി പോകുന്ന പലരും കൂടിയ വാടകയും മറ്റ് ജീവിത പ്രശ്നങ്ങളും കാരണം വീണ്ടും ഭവനരഹിതരായി ഇവിടേയ്ക്ക് തന്നെ മടങ്ങിയെത്തുന്ന സ്ഥിതിയാണ്. സാധാരണക്കാര്‍ക്ക് താങ്ങന്‍ പറ്റുന്ന നിലയിലുള്ള വാടകവീടുകളും ഭവനപദ്ധതികളുമുണ്ടായാല്‍ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂവെന്ന് ഇവര്‍ പറയുന്നു.