ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 9-ാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരത്തിന്റെ കിക്കോഫ് അവിസ്മരണീയമായി

author-image
athira p
New Update

ചിക്കഗോ : 2023 സെപ്റ്റംബര്‍ 4-ാം തീയതി നടക്കാന്‍ പോകുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് 9-ാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരത്തിന്റെ കിക്കോഫ് മുന്‍ മന്ത്രിയും കടുത്തുരുത്തിയുടെ ഇപ്പോഴത്തെ എം.എല്‍.എ. യുമായ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തതോടുകൂടി ചിക്കാഗോ വടംവലിക്ക് ഔദ്യോഗികമായി കൊടി ഉയര്‍ന്നു. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന പ്രൗഡഗംഭീരമായ യോഗത്തില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് സിബി കദളിമറ്റം അദ്ധ്യക്ഷനായിരുന്നു. ബഹു. സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. തോമസ് മുളവനാല്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയുണ്ടായി.

Advertisment

publive-image

ബഹു. എം.എല്‍.എ. ശ്രീ. മോന്‍സ് ജോസഫ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള നല്ലതായ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും അറിയാന്‍ കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്കുദിച്ചത് മലയാളികള്‍ എവിടെയായിരുന്നാലും എത്ര ഉന്നതിയാലായിരുന്നാലും മലയാളത്തെയും മലയാള മണ്ണിനെയും കേരളത്തിന്റെ ഗ്രാമങ്ങളെയും നാടന്‍കലകളെയും, വടംവലി പോലെയുള്ള കായികവിനോദത്തെയും ഇന്നും നെഞ്ചിലേറ്റിക്കൊണ്ടിരിക്കുന്നു എന്നറിയാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സോഷ്യല്‍ ക്ലബ്ബിന്റെ വടംവലിമാമാങ്കം വന്‍വിജയമായിത്തീരട്ടെ എന്നാശംസിക്കുന്നു. ഇതിന് ശേഷം നോര്‍ത്ത് അമേരിക്കയിലെ പല സ്റ്റേറ്റുകളിലും ഇതുപോലുള്ള വടംവലി മത്സരങ്ങള്‍ നടക്കുന്നത് സോഷ്യല്‍ ക്ലബ്ബിന്റെ ഈ വടംവലി മത്സരത്തില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണെന്ന് അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.

സോഷ്യല്‍ ക്ലബ്ബിന്റെ മുന്‍കാലങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലബ്ബ് നടത്തിയതും നടത്തുന്നതും നടത്താന്‍ ഉദ്ദേശിക്കുന്നതുമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രസിഡന്റ് സിബി കദളിമറ്റം അദ്ധ്യക്ഷപ്രസംഗത്തില്‍ വളരെ വിശദമായി പറയുകയുണ്ടായി.

അതോടൊപ്പം സോഷ്യല്‍ ക്ലബ്ബിന്റെ കഴിഞ്ഞ എട്ടു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന ഈ മഹാവടംവലി മത്സരത്തിന്റെ വിജയത്തിനുള്ള പ്രധാനകാരണം സോഷ്യല്‍ ക്ലബ്ബിന്റെ കുടുംബാംഗങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും, ഒപ്പം നോര്‍ത്ത് അമേരിക്കയിലെ നല്ലവരായ വടംവലി പ്രേമികളുടെ പ്രോത്സാഹനവും, അതോടൊപ്പം ഞങ്ങളെ സാമ്പത്തികമായി അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരിക്കുന്ന സ്‌പോണ്‍സര്‍മാരുമാണെന്ന് സെക്രട്ടറി സിബി കൈതക്കത്തൊട്ടി പറഞ്ഞു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചിക്കാഗോ സെന്റ് മേരീസ് പള്ളി മൈതാനത്ത് നടക്കുന്ന ഈ വടംവലി മത്സരം സെന്റ്‌മേരീസ് പള്ളിയെ സംബന്ധിച്ചിടത്തോളം വളരെ ആവേശം നിറഞ്ഞ ഒരു കാര്യമാണെന്നും അത് ഏറ്റവും നല്ല ഭംഗിയോടും ചിട്ടയോടും കൂടി സോഷ്യല്‍ ക്ലബ്ബ് നടത്തിക്കൊണ്ടു വരികയാണെന്നും അത് ഇനിയും അങ്ങനെ തന്നെ നടക്കണമെന്നും സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് മുളവനാല്‍ സോഷ്യല്‍ ക്ലബ്ബ് അംഗങ്ങളോട് ഉപദേശിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്തു.

ഈ ടൂര്‍ണമെന്റിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ആറ് രാജ്യങ്ങളില്‍ നിന്നും നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുമായി 19 ഓളം ടീമുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂര്‍ണമെന്റ് ചെയര്‍മാന്‍ ശ്രീ. സിറിയക് കൂവക്കാട്ടില്‍ തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു.

കുറെ വര്‍ഷങ്ങളായി വടംവലി ടൂര്‍ണമെന്റിന്റെ മെഗാ സ്‌പോണ്‍സര്‍ പേരന്റ് പെട്രോളിയമാണ്. ഈ വര്‍ഷവും അതു തുടര്‍ന്നുകൊണ്ടിരിക്കുന്നതിന് പേരന്റ് പെട്രോളിയത്തിന് നന്ദിയും കടപ്പാടും അറിയിക്കുന്നു. കൂടാതെ ഈ ടൂര്‍ണമെന്റിന്റെ മറ്റൊരു മെഗാ സ്‌പോണ്‍സറായി ഒഫൻ പെട്രോളിയത്തിന്റെ റീജിയണല്‍ മാനേജരും സോഷ്യല്‍ ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റുമായ ശ്രീ. സാജു കണ്ണംപള്ളി കിക്കോഫ് സദസ്സിന് സര്‍പ്രൈസ് ആയി കടന്നുവന്നതിന് സോഷ്യല്‍ ക്ലബ്ബ് പ്രത്യേക നന്ദി അറിയിക്കുന്നു.

ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത ശ്രീ. ജോയി നെടിയകാലായില്‍ 10101 ഡോളര്‍ എന്ന പ്രൈസ് മണി 11111 ഡോളര്‍ എന്ന തുകയിലേക്ക് ഉയര്‍ത്തിയതായി ടൂര്‍ണമെന്റ് ചെയര്‍മാന്‍ ശ്രീ. സിറിയക് കൂവക്കാട്ടില്‍ പ്രഖ്യാപിച്ചു. രണ്ടാം സമ്മാനമായ 5555 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്ത ശ്രീ. ഫിലിപ്പ് മുണ്ടപ്ലാക്കലും, മൂന്നാം സമ്മാനമായ 3333 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്ത ശ്രീ. സാബു പടിഞ്ഞാറേലും, നാലാം സമ്മാനമായ 1111 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്ത മംഗല്യ ജ്വല്ലറിക്കു വേണ്ടി ശ്രീ. ഷൈബു കിഴക്കേക്കുറ്റില്‍ എന്നിവരില്‍ നിന്നും ശ്രീ. മോന്‍സ് ജോസഫ് വഴി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് സമ്മാനതുക കൈമാറി.

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിനെ സാമ്പത്തികമായി സഹായിച്ച എല്ലാവര്‍ക്കും നന്ദിയും കടപ്പാടുമുണ്ടെന്ന് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിബി കദളിമറ്റം (പ്രസിഡന്റ്), സിബി കൈതക്കത്തൊട്ടി (സെക്രട്ടറി), ജെസ്സ്‌മോന്‍ പുറമഠം (വൈസ് പ്രസിഡന്റ്), സാബു പടിഞ്ഞാറേല്‍ (ജോയിന്റ് സെക്രട്ടറി), ജോമോന്‍ തൊടകയില്‍ (ട്രഷറര്‍), മാനി കരികുളം (ടൂര്‍ണമെന്റ് വൈസ് ചെയര്‍മാന്‍), മാത്യു തട്ടാമറ്റം (ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍), ബിനു കൈതക്കത്തൊട്ടി (ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍) എന്നിവര്‍ സംയുക്തമായി പറഞ്ഞു.

ജോസ് മണക്കാട്ട് ആയിരുന്നു സോഷ്യല്‍ ക്ലബ്ബിന്റെ വടംവലി മത്സരത്തിന്റെ കിക്കോഫിന്റെ അവതാരകന്‍. തുടര്‍ന്ന് സ്‌നേഹവിരുന്നോടുകൂടി യോഗം പര്യവസാനിച്ചു.

Advertisment