മെക്സിക്കോ: നാട്ടിന്‍റെ ക്ഷേമത്തിനും ഭാഗ്യം കൊണ്ടുവരുന്നതിനുമായി മേയര്‍ മുതലയെ വിവാഹം ചെയ്ത് ആചാരം പാലിച്ചു. കെയ്മാന്‍ എന്ന് പേരുള്ള മുതല പ്രാദേശിക കഥയിലെ രാജകുമാരിയാണെന്ന സങ്കല്‍പ്പത്തിലാണ് വിവാഹം നടത്തുന്നത്.
തുടര്‍ച്ചയായി 230 വര്‍ഷമായി പ്രദേശത്ത് നടത്തിവരുന്ന ആചാരമാണ് ഇത് എന്നൊരു പ്രത്യേകത കൂടിയുണ്ട് ഇതിന്. ചോണ്ടല്‍, ഹുവാവ് തദ്ദേശീയ വിഭാഗങ്ങള്‍ തമ്മിലുള്ള സമാധാനത്തിന്‍റെ സ്മരണയ്ക്കായാണ് ഈ ചടങ്ങ് പ്രധാനമായും നടത്തുന്നത്. വിക്ടര്‍ ഹ്യൂഗോ സോസയാണ് ഇക്കുറി ചടങ്ങില്‍ വരനായ മേയര്‍.
"ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു. അതാണ് പ്രധാനം. പ്രണയമില്ലാതെ നിങ്ങള്‍ക്കൊരു വിവാഹം കഴിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ രാജകുമാരിയായ പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് ഞാന്‍ സമ്മതിക്കുന്നു," ചടങ്ങിനിടെ സോസ പറഞ്ഞു. ചടങ്ങിന് മുമ്പായി മുതലയെ മണവാട്ടിയെ പോലെ ഒരുക്കി പ്രദേശത്തെ ആളുകളുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നു. സുരക്ഷയ്ക്കായി അതിന്‍റെ വായ കൂട്ടിക്കെട്ടിയിട്ടുണ്ടാകും.
എല്ലാവര്‍ക്കും ഒരേപ്പോലെ പങ്കെടുക്കാവുന്ന തരത്തില്‍ വലിയ ടൗണ്‍ ഹാളിലാണ് വിവാഹം നടക്കുന്നത്. പിന്നീട് മണവാട്ടിക്കൊപ്പം വരന്‍ നൃത്തം ചെയ്യും. വധുവിനെ വരന്‍ ചുംബിക്കുന്നതോടെ വിവാഹ ചടങ്ങുകള്‍ അവസാനിക്കും.