Advertisment

ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കിയ രാമായണ മാസാചരണത്തിന് ചിക്കാഗോ ഗീതാ മണ്ഡലത്തിൽ ശുഭാരംഭം

author-image
athira p
Updated On
New Update

ചിക്കാഗോ : രാമായണ പാരായണത്തിലൂടെ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറച്ചുകൊണ്ട് ചിക്കാഗോ ഗീതാമണ്ഡലത്തിൽ ആചാര്യ ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിൽ രാമായണപാരായണ യജ്‌ഞം ഉത്‌ഘാടനം ചെയ്തു. ഹൈന്ദവസംസ്കൃതിയുടെയും ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാ ക്രമത്തിന്റെയും ആകെത്തുകയാണ് രാമായണം. വിശ്വാസാധിഷ്ഠിത, പുരാണ പാരായണ ആചാരാനുഷ്ഠാന പ്രാര്‍ത്ഥനാദികള്‍, ത്യാജ്യഗ്രാഹ്യവിവേചനാപൂര്‍വ്വം പുനരേകീകരിച്ച് ഹൈന്ദവ ഹൃദയങ്ങളിലും ഭവനങ്ങളിലും സ്ഥിരപ്രതിഷ്ഠ നേടാന്‍, പ്രചരണവും പ്രതിബദ്ധതയും അനുഷ്ഠാനവും ഉണ്ടാക്കണം. പുരാണ ഇതിഹാസങ്ങളാകണം അതിന് മാര്‍ഗദര്‍ശനം എന്ന് ആചാര്യൻ തന്റെ ഉത്ഘടന പ്രസംഗത്തിൽ പറഞ്ഞു.

publive-image

വളരെ വിപുലമായ രീതിയിൽ ആണ് ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ വെച്ച് രാമായണപാരായണ യജ്‌ഞത്തിൽ പങ്കെടുക്കുവാൻ ചിക്കാഗോയിൽ നിന്നും ചിക്കഗോക്ക് പുറത്തു നിന്നും വളരെ അധികം ഭക്തർ പങ്കെടുത്തു. പ്രധാന പുരോഹിതൻ ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിന്റെ നേതൃത്വത്തിൽ നടന്ന വിശേഷാൽ മഹാഗണപതി പൂജക്കും ശ്രീരാമചന്ദ്ര പൂജകൾക്കുശേഷം ഗ്രന്ദപൂജയും നടത്തി.തുടർന്ന് രാമായണ ആചാര്യ ശ്രീമതി സുധാ ജിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ വർഷത്തെ രാമായണ പാരായണ മഹോത്സവം ഒരു ദിവ്യാനുഭൂതിയാണ് സൃഷ്ടിച്ചത് എന്ന് ഭക്തർ അഭിപ്രായപ്പെട്ടു. രാമായണപാരായണത്തിനു ശേഷം നടന്ന ഭജനയും പൂജകളും ഭക്തിയുടെ മറ്റൊരു തലത്തിലേക്ക് ഭക്തരെ എത്തിച്ചു.

മനുഷ്യനന്മയ്ക്കും സത്പ്രവര്‍ത്തികള്‍ക്കും മാതൃകയായി നിലകൊള്ളുന്ന രാമായണ ശ്ലോകങ്ങള്‍ സദാചാര നിഷ്ടമായ കുടുംബപശ്ചാത്തലവും ഹൃദയശുദ്ധി നിറഞ്ഞ ജീവിതരീതിയും പകര്‍ന്നു തന്ന് നമ്മുടെ മനസ്സ് കീഴടക്കും എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ തന്റെ രാമായണ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. രാമായണംകാവ്യം ഇന്നത്തെ ജീവിതത്തിന് ഏറെ മാതൃകയാണ്. മനുഷ്യന് എങ്ങിനെ ജീവിക്കണം എന്ന് ഈ കാവ്യം വരച്ചുകാട്ടുന്നു പുണ്യഗ്രന്ഥമാണ് അദ്ധ്യാത്മ രാമായണം എന്ന് ശ്രീ ആനന്ദ് പ്രഭാകറും, ഈ രാമായണ കാലത്തിൽ നോർത്ത് അമേരിക്കയിലെ എല്ലാ ഗൃഹങ്ങളിലും നമ്മുക്ക് രാമായണ പാരായണം ഒരു ചര്യ ആക്കണം എന്നും. നമ്മുടെ അടുത്ത തലമുറക്ക് ഈ പൈതൃകം പകർന്നു കൊടുക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം നമ്മുക്ക് കൂട്ടായി ചെയ്യാണമെന്നും ജോയിന്റ് സെക്രട്ടറി ശ്രീ പ്രജീഷും അഭിപ്രായപ്പെട്ടു.

രാമായണ പാരായണ യജ്‌ഞം ഉത്‌ഘാടനം ചെയ്ത ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിനും, രാമായണ പാരായണത്തിനു നേതൃത്വം നൽകിയ ശ്രീമതി സുധാ ജിക്കും, ശുഭാരംഭത്തിനു നേതൃത്വം നൽകിയ ശ്രീ ആനന്ദ് പ്രഭാകർ, ശ്രീ രവി ദിവാകരൻ, ശ്രീ പ്രജീഷ്, ശ്രീമതി രമാ നായർ മറ്റ് എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ബൈജു എസ് മേനോന്‍ നന്ദി പ്രകാശിപ്പിച്ചു. മഹാ അന്നദാന ചടങ്ങോടെ ഈ വർഷത്തെ രാമായണപാരായണ ശുഭാരംഭം പര്യവസാനിച്ചു.

Advertisment