Advertisment

ട്വിറ്റര്‍ കടക്കെണിയിലെന്ന് മസ്ക്

author-image
athira p
New Update

സാന്‍ ഫ്രാന്‍സിസ്കോ: പരസ്യം പാതിയായി കുറഞ്ഞതോടെ ട്വിറ്റര്‍ വന്‍ കടബാധ്യതയിലായെന്ന് ഇലോണ്‍ മസ്ക്. ബിസിനസ് ഉപദേശം വാഗ്ദാനം ചെയ്തു കൊണ്ടുള്ള ട്വീറ്റിന് മറുപടി നല്‍കിയപ്പോഴാണ് മസ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. പരസ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ പാതിയോളം കുറവുണ്ടായതും വന്‍ കടബാധ്യതയും കാരണം ഞങ്ങള്‍ക്ക് പണം ഇപ്പോഴും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. പണം തിരികെ ലഭിക്കാന്‍ തുടങ്ങിയതിനു ശേഷം മാത്രമേ ഏതു വിധത്തിലുള്ള ആര്‍ഭാടവും നടപ്പാക്കാനാകൂ എന്നും മസ്ക് റിട്വീറ്റ് ചെയ്തിട്ടുണ്ട്.

Advertisment

publive-image

44 ബില്യണ്‍ യുഎസ് ഡോളര്‍ നല്‍കിയാണ് മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. അതിനു ശേഷം നിരവധി പരിഷ്കാരങ്ങള്‍ മസ്ക് നടപ്പിലാക്കി. ഉന്നത ഉദ്യോഗസ്ഥര്‍ പലരും ട്വിറ്ററില്‍ നിന്ന് പുറത്തായി. നിരവധി ജീവനക്കാരെ പിരിച്ചു വിട്ടു. വിലക്കേര്‍പ്പെടുത്തിയിരുന്ന പല പ്രമുഖരെയും വീണ്ടും ട്വിറ്ററിലേക്ക് തിരിച്ചെത്തിച്ചു.

ഈ പരിഷ്കാരങ്ങള്‍ക്കെല്ലാം ഫലമുണ്ടായെന്നും നഷ്ടപ്പെട്ട പല പരസ്യദാതാക്കളും ട്വിറ്ററിലേക്ക് തിരിച്ചെത്തിയതായും സെക്കന്‍ഡ് ക്വാര്‍ട്ടറോടു കൂടി ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഏപ്രിലില്‍ മസ്ക് പറഞ്ഞിരുന്നു. അതിനു പുറകേ പരസ്യ മേഖലയുമായി വലിയ ബന്ധമുള്ള ലിന്‍ഡ യക്കാറിനോയെ പുതിയ സിഇഒയായി നിയമിക്കുകയും ചെയ്തു. പക്ഷേ ഒരു ദിവസം കാണാനാകുന്ന ട്വീറ്റുകള്‍ക്ക് പരിധി നിശ്ചയിച്ചതടക്കം ട്വിറ്ററില്‍ നടപ്പാക്കിയ പല പരിഷ്കാരങ്ങളും ഉപയോക്താക്കളെ അസ്വസ്ഥരാക്കി. മെറ്റായുടെ പുതിയ മൈക്രോ ബ്ളോഗ് ആപ്പ് ത്രെഡ്സ് ലോഞ്ച് ചെയ്തതും ട്വിറ്ററിനെ പ്രതികൂലമായി ബാധിച്ചു.

-
Advertisment