പൊന്നാനി: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കർമനിരതരായ സന്നദ്ധ സംഘടനകളുടെ സാന്നിധ്യത്തിൽ പൊന്നാനിയിൽ അരങ്ങേറിയ പ്രവാസി സംഗമം പ്രവർത്താകരിൽ കരമാവേശം ജ്വലിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിലെ പൊന്നാനി സ്വദേശികളുടേതായ ആറ് സാമൂഹ്യ - ജീവകാരുണ്യ സംഘടനകളാണ് പൊന്നാനി ഗ്രൂപ്പ് ഫോർ കെയർ ആൻഡ് കമ്പേഷൻ (പി ജി സി സി) എന്ന ബാനറിൽ സംഗമം സംഘടിപ്പിച്ചത്.
നാടിൻ്റെ ജീവകാരുണ്യ പരവും ഇതരവുമായ സംരംഭങ്ങളിൽ ഗൾഫ് സംഘടനകൾ ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് സംഗമം ഉദ്‌ഘാടനം ചെയ്യവേ നഗരസഭാ പിതാവ് ശിവദാസ് ആറ്റുപുറം പറഞ്ഞു. ജീവകാരുണ്യ രംഗത്ത് പൊന്നാനിയിൽ അരങ്ങേറുന്ന പ്രവർത്തനങ്ങളിൽ ഏറിയ ഭാഗവും പി ജി സി സി യുടെ ആഭിമുഖ്യത്തിലുള്ളതാണെന്നും അദ്ദേഹം തുടർന്നു.
/filters:format(webp)/sathyam/media/media_files/2025/07/28/e8f3ba0b-b92c-466b-b4fe-50429d964528-2025-07-28-17-02-15.jpg)
പതിറ്റാണ്ടുകളായി ദുബായ് കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന പൊന്നാനി വെൽഫെയർ അസോസിയേഷൻ, പി ഡബ്‌ളിയു സി അബുദാബി, പി ഡബ്ലിയു സി ദമ്മാം , പോമ ഒമാൻ, പി എം ജെ സി ഖത്തർ, ജെ പി എം ജെ ജിദ്ദ എന്നി സംഘടനകൾ കൈകോർത്ത് 2018 ൽ രൂപവത്കരിച്ച പി ജി സി സി എന്ന കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് ആയി മാറിയത് കൂടി അടയാളപ്പെടുത്തിയാണ് പ്രവാസി സംഗമം അരങ്ങേറിയത്. വർഷം തോറും കോടികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഗൾഫിലെ സന്നദ്ധ സംഘടനകളാണ് ഇവ.
നാട്ടിലെ നിരാലംബരായ ജനങ്ങളുടെ കണ്ണീരൊപ്പുന്ന സേവങ്ങളിൽ കർമനിരതരായ നാട്ടിലെയും പ്രവാസലോകത്തെയും സന്നദ്ധ പ്രവർത്തകർക്ക് ആവേശം പകർന്ന സംഗമം ഇനി മുതൽ എല്ലാ വർഷവും ജൂലൈ മാസത്തിലെ അവസാന വാരം സംഘടിപ്പിക്കാൻ ഉദ്യേശിക്കുന്നതായി ഭാരവാഹികൾ വെളിപ്പെടുത്തി. കൂട്ടായ്‌മ സ്വന്തമായി വാങ്ങിയ സ്ഥലത്ത് നിർമിക്കുന്ന പുതിയ ബിൽഡിംഗിൽ നിന്നുള്ള വരുമാനം മുഴുവനായി പൊന്നാനിയിലെ പ്രമുഖ ചാരിറ്റി സംഘടനകൾക്ക് വീതിച്ച് നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ഇതിനകം നിർവഹിക്കാനായ ജീവകാരുണ്യ പ്രവർത്തനങ്ങൾ അതിൽ പങ്കാളികളായവർ വിശദീകരിച്ചപ്പോൾ സദസ്സ് കൃതാർത്ഥതയോടെ അതിലലിഞ്ഞു. ഈ രംഗത്തെ വമ്പിച്ച നേട്ടങ്ങൾ പൊന്നാനിയ്ക്ക് അഭിമാനമാണെന്ന് സംഗമത്തിൽ പങ്കെടുത്തവർ നിർവൃതി കൊണ്ടു.
പി ജി സി സി ചെയർമാൻ യാക്കൂബ് ഹസൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി മാസ്റ്റർ, കെ പി മൂസ, കെ വി നദീർ, ഒ സി സലാഹുദ്ദീൻ, നവാസ് , ഡോ.ബുഷ്റ മൻസൂർ, അഷ്റഫ് , സി വി സാലിഹ്, ടി കെ ഇസ്മായിൽ, ഹസൻ പുക്കോയ തങ്ങൾ, റസൂൽ സലാം, കുഞ്ഞിമുഹമ്മദ് കടവനാട് തുടങ്ങിയവർ സംസാരിച്ചു. കെട്ടിട പദ്ധതിയെക്കുറിച്ച് അധ്യക്ഷനായ പി ജി സി സി ചെയർമാൻ അദ്ധ്യക്ഷൻ വിശദീകരിച്ചു.
ജനറൽ സെക്രട്ടറി കെ എം ഹബീബ് റഹ്‌മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. നിസാർ പൊന്നാനി സ്വാഗതവും എഞ്ചി. കെ വി ഉസ്മാൻ നന്ദിയും നേർന്നു. സമീർ അവതാരകനായിരുന്നു.
പ്രഗത്ഭ ഗായകർ പങ്കെടുത്ത ഗാനമേളയും വിഭവ സമൃദ്ധമായ അത്താഴ വിരുന്നും പരിപാടിയെ കൂടുതൽ ഹൃദ്യമാക്കി.