സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്ന പ്രഥമ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവിന് തുടക്കമായി

New Update
wedding mart
കൊച്ചി:  സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്ന പ്രഥമ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവിന് ഇന്ന്(വ്യാഴം) തുടക്കമാകും. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം കൊച്ചി ലെ മെറഡിയനിലാണ് രണ്ട് ദിവസത്തെ കോണ്‍ക്ലേവ് നടക്കുന്നത്.
Advertisment


ഇന്ന് (വ്യാഴം) വൈകീട്ട് അഞ്ചിന് സംസ്ഥാന വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

 ഹൈബി ഈഡന്‍ എംപി, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കേന്ദ്ര ടൂറിസം മന്ത്രാലയം അഡി. സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ സുമന്‍ ബില്ല, സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ, കേരള ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍, അഡി. ഡയറക്ടര്‍ ശ്രീധന്യ സുരേഷ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥന്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍  പങ്കെടുക്കും.

രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഇതിനകം 675 ലേറെ ബയര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. രാജ്യത്തിനകത്തു നിന്ന് 610 ബയര്‍മാരും വിദേശത്ത് നിന്ന് 65 ബയര്‍മാരുമാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

യുഎഇ, യുകെ, ജര്‍മ്മനി, യുഎസ്എ, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഹംഗറി, ഇസ്രായേല്‍, ഇറ്റലി, മലേഷ്യ, ഒമാന്‍, പോളണ്ട്, റുമേനിയ, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, തുര്‍ക്കി, യുക്രെയിന്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളെത്തും.

സെല്ലര്‍മാര്‍ക്കായി 75 പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ടാകും. ഇതിനു പുറമെ കെടിഡിസി, കേരള ടൂറിസം, കേന്ദ്ര ടൂറിസം മന്ത്രാലയം എന്നിവയുടെ സ്റ്റാളുകളുമുണ്ടാകും. ഈ മേഖലയുടെ സമഗ്രവികസനത്തിനും ഭാവിദര്‍ശനവും വ്യക്തമാക്കുന്ന രണ്ട് ദേശീയ സെമിനാറുകളും കോണ്‍ക്ലേവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് അഞ്ചര മണി വരെയുള്ള വാണിജ്യ കൂടിക്കാഴ്ചകള്‍ക്ക് പുറമെ ഈ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും നടക്കും.

Advertisment