തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ മള്‍ട്ടി പര്‍പ്പസ് ബസ് ബേ കോംപ്ലക്‌സ് നിര്‍മിക്കും. നഗരസഭയുടെ മുഖ്യകാര്യാലയം കോടിമതയിലേക്ക് മാറ്റും. വമ്പന്‍ പ്രഖ്യാപനങ്ങളുമായി കോട്ടയം നഗരസഭാ ബജറ്റ്. പ്രതിപക്ഷം ആരോപണം ഉയര്‍ത്തുന്നതിനു മുന്‍പു ബജറ്റിനെതിരെ ആരോപണവുമായി മുന്‍ വൈസ് ചെയര്‍മാന്‍ രംഗത്ത്. യു.ഡി.എഫ്  ഭരണസമിതിയുടെ ആദ്യ ബജറ്റ് അഴിമതി ലക്ഷ്യമിട്ടുള്ളതെന്നും ആരോപണം

New Update
1500x900_1893971-kottayam-municipality

കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ മള്‍ട്ടി പര്‍പ്പസ് ബസ് ബേ കോംപ്ലക്‌സ് നിര്‍മിക്കും. നഗരസഭയുടെ മുഖ്യകാര്യാലയം കോടിമതയിലേക്കു മാറ്റും. കെ.യു.ആര്‍.ഡി.എഫ്.സി, പദ്ധതി ഫണ്ട് എന്നിവ ഇതിനുപയോഗിക്കുമെന്നും കോട്ടയം നഗരസഭാ ബജറ്റില്‍ പ്രഖ്യാപനം. നഗരസഭയിലെ യു.ഡി.എഫ്  ഭരണസമിതിയുടെ ആദ്യ ബജറ്റ് അഴിമതി ലക്ഷ്യമിട്ടുള്ളതെന്ന ആരോപണവുമായി  മുന്‍ വൈസ് ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി. ഗോപകുമാര്‍ രംഗത്ത്.

Advertisment

2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണു ഗ്രേറ്റര്‍ കോട്ടയം വികസന കാഴ്ചപ്പാട് ബജറ്റ് മുന്നോട്ട് വെക്കുന്നതെന്നു ഭരണ സമിതി പറയുന്നു. തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ മള്‍ട്ടി പര്‍പ്പസ് ബസ് ബേ കോംപ്ലക്‌സ് നിര്‍മിക്കും. ഇതിനായി പി.പി.പി / ബി.ഒ.ടി വ്യവസ്ഥയില്‍ ഫണ്ട് കണ്ടെത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണ നിലനിര്‍ത്താന്‍ അത്യാധുനിക സംവിധാനത്തോടെ വടവാതൂര്‍ ഡമ്പിങ് യാഡിന്റെ കിഴക്ക് കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിക്കും.  ഇതിനു ബി.ഒ.ടി വ്യവസ്ഥയില്‍ ഫണ്ട് കണ്ടെത്തും.

നെഹ്‌റു സ്റ്റേഡിയം പൊളിച്ചുപണിയും. കഞ്ഞിക്കുഴി നഗരസഭ മാര്‍ക്കറ്റില്‍ ബി.ഒ.ടി വ്യവസ്ഥയില്‍ മള്‍ട്ടി പര്‍പ്പസ് ബസ് ബേ കോംപ്ലക്‌സ് നിര്‍മിക്കുമെന്നും ബജറ്റില്‍ ഉണ്ട്.  242,36,62,432 രൂപ വരവും 232,67,35,200 രൂപ ചെലവും 9,69,27,232 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ ഷീബ പുന്നന്‍ അവതരിപ്പിച്ചത്. ബജറ്റിനെക്കുറിച്ചു പ്രതിപക്ഷം ആരോപണം ഉയര്‍ത്തുന്നതിനു മുന്‍പു മുന്‍ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍ രംഗത്തു വന്നു.

കോടിമതയില്‍ നഗരസഭ മുഖ്യകാര്യാലയം നിര്‍മിക്കുമെന്ന പ്രഖ്യാപനം ദീര്‍ഘ വീക്ഷണമില്ലായ്മയുടെയും അശാസ്ത്രീയതയുടെയും തെളിവാണ്. 2012ല്‍ ഇപ്പോഴത്തെ നഗരസഭാധ്യക്ഷന്‍ ചെയര്‍മാനായിരിക്കുമ്പോള്‍ വിഭാവനം ചെയ്തതും 2015, 2020 കാലഘട്ടങ്ങളിലെ രണ്ട് ഭരണസമിതികളും തള്ളിക്കളഞ്ഞ പദ്ധതി വെള്ളപൂശി 2012ല്‍ നിയമിച്ച ആര്‍ക്കിടെക്ടിനെ സഹായിക്കാനാണു ശ്രമം.

ഈ ആര്‍ക്കിടെക്ടിനു നല്‍കിയ പ്രതിഫലവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. തിരുനക്കരയില്‍ ബസ് ബേ സൗകര്യം അടക്കം ആധുനിക നിലവാരത്തില്‍ കെട്ടിടസമുച്ചയം നിര്‍മിക്കാന്‍ താല്‍പര്യപത്രം നല്‍കിയ പ്രമുഖ ആര്‍ക്കിടെക്ടുകളെ പദ്ധതിവിശദീകരണത്തിനു ക്ഷണിച്ചുവരുത്തിയപ്പോള്‍ ആ കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തിയത് ഇഷ്ടക്കാരനായ ആര്‍ക്കിടെക്ടിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വടവാതൂരില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചു ധൂര്‍ത്തടിക്കാതെ തിരുനക്കരയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്നും ഗോപകുമാര്‍ പറഞ്ഞു.

Advertisment