വയനാട്ടില്‍ കനത്ത മ‍ഴ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

New Update
S

കൽപ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. 

Advertisment

അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ സ്വമേധയാ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ബന്ധു വീടുകളിലേക്കോ മാറിത്താമസിക്കണം എന്നാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വീടിന് മുകളിലേക്കോ കെട്ടിടങ്ങൾക്ക് മുകളിലേക്കോ വീഴാറായി നിൽക്കുന്ന മരങ്ങൾ സുരക്ഷിതമായി വെട്ടിമാറ്റണമെന്നും റോഡിൻ്റെ വശങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുട്ടികളെ പുഴ, തോട് വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിലേക്ക് പറഞ്ഞയക്കരുത്. തോടുകളിലും പുഴകളിലും മുതിർന്നവർ ഉൾപ്പെടെയുള്ളവർ മീൻ പിടിക്കുന്നത് ഒഴിവാക്കണം. 

വീട്, കെട്ടിടം, മറ്റ് നിർമ്മാണങ്ങൾക്കായി രണ്ടു മീറ്ററിലധികം മണ്ണെടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരും പുഴയോരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. സർക്കാറിൻ്റെ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം. 

അധികൃതർ ക്യാമ്പുകളിലേക്കോ മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറിത്താമസിക്കാൻ ആവശ്യപ്പെട്ടാൽ അനുസരിക്കണം.

കാറ്റിലോ മരം വീണോ ഇലക്ട്രിക്കൽ ലൈൻ പൊട്ടിവീണത് ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ ഉടൻ വിവരമറിയിക്കണം. അത്തരം ലൈനുകളിൽ സ്പർശിക്കുകയോ സമീപത്തേക്ക് പോവുകയോ ചെയ്യരുത്. 

വീട്, കിണർ, ചുറ്റുമതിൽ, സംരക്ഷണ ഭിത്തികൾ എന്നിവ സുരക്ഷിതമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. ജില്ലയിലെ സ്ഥിതിഗതികൾ ജില്ലാ ഭരണ കൂടം വിലയിരുത്തുന്നുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ഒരു പോലെ ജാഗ്രത പുലർത്തണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്റ്റർ അറിയിച്ചു.

Advertisment