/sathyam/media/post_attachments/Sq2XdpmU0yCldDSQH5nj.jpg)
കോടഞ്ചേരി: കഴിഞ്ഞ ആഴ്ചകളിൽ കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരി, വട്ടച്ചിറ, ചിപ്പിലിത്തോട്, മരുതിലാവ് പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങി കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്.
ആഴ്ചകളോളം പ്രദേശത്ത് കൂട്ടത്തോടെ തമ്പടിച്ച് പ്രദേശത്തെ നിരവധി കർഷകരുടെ കാർഷിക വിളകളും, ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയുടെ കുരിശടിയും, തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ സന്ദർശികർക്കുള്ള ഇരിപ്പിടവും, സൂചന ബോർഡുകളും, വട്ടച്ചിറയിൽ യുവാവിന്റെ ബൈക്കുമാണ് കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടത്തിൽ നശിപ്പിക്കപ്പെട്ടത്.
കർഷകർക്കുണ്ടായ നാശനഷ്ടത്തിൽ അടിയന്തര നഷ്ടപരിഹാരം നൽകാത്ത വനംവകുപ്പിൽ നടപടിയിൽ പ്രതിഷേധിച്ച് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുൻപിൽ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി.
പ്രതിഷേധ ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി പിസി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. കൃഷിക്കാർക്ക് നൽകുന്ന തുച്ഛമായ നഷ്ടപരിഹാരത്തുക അടിയന്തരമായി വർധിപ്പിക്കണമെന്നും, വന്യമൃഗശല്യം തടയാൻ ശ്വാശ്വത നടപടി സ്വീകരിക്കണമെന്നും, കൃഷിഭൂമിയും വനാതിർത്തിയും തമ്മിൽ സോളാർ ഫെൻസിംഗ് നടത്തി വേർതിരിച്ച് വനംവകുപ്പ് വാച്ചർമാരെ വനാതിർത്തിയിൽ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്ക്ഡൗൺ മാനദണ്ഡമനുസരിച്ച് നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, നെല്ലിപ്പൊയിൽ ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡണ്ട് വിൻസെന്റ് വടക്കേ മുറിയിൽ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ജിജി എലി വാലുങ്കൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, ബേബി കോട്ടുപ്പള്ളി, ജോർജ് പുത്തൻപുര തുടങ്ങിയവർ പ്രസംഗിച്ചു.