Advertisment

നാസിക് സ്വദേശിയായ യുവാവ് സ്ത്രീധനമായി ആവശ്യപ്പെട്ടത്  21 നഖങ്ങളുള്ള ആമയും, ലാബ്രഡോർ എന്ന നായയും; യുവാവിനും 5 കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്ത് പോലീസ്

New Update

publive-image

Advertisment

മുംബൈ: സ്ത്രീധനമായി കാറും, ബംഗ്ലാവും, സ്വർണ്ണാഭരണങ്ങളും ആവശ്യപ്പെടാറുണ്ട്. എന്നാൽ നാസിക് സ്വദേശിയായ യുവാവ് സ്ത്രീധനമായി ആവശ്യപ്പെട്ടത്  21 നഖങ്ങളുള്ള ആമയും, ലാബ്രഡോർ എന്ന നായയുമാണ്.

ഈ വർഷം ഫെബ്രുവരി 10 നായിരുന്നു ഔറംഗാബാദിൽ നിന്നുള്ള യുവതിയുമായി സൈനികനായ യുവാവിന്റെ വിവാഹനിശ്ചയം നടന്നത്. അതിനു മുൻപ് തന്നെ സ്ത്രീധനത്തിന്റെ ഭാഗമായി 10 ഗ്രാം സ്വർണ്ണവും 2 ലക്ഷം രൂപയും യുവാവും കുടുംബവും പെൺകുട്ടിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു.

തന്റെ പ്രതിശ്രുതവധുവിന് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപയും യുവാവ് പെൺകുട്ടിയുടെ കുടുംബക്കാരിൽ നിന്ന് വാങ്ങി. എന്നാൽ ജോലി വാങ്ങി നൽകിയില്ലെന്ന് മാത്രമല്ല ഓരോ ദിവസം കഴിയുന്തോറും യുവാവ് തന്റെ ആവശ്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു.

21 നഖങ്ങളുള്ള ആമ, കറുത്ത ലാബ്രഡോർ നായ, ഒരു ബുദ്ധ പ്രതിമ, നിലവിളക്ക് എന്നിവയാണ് പിന്നീട് യുവാവ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിക്കരുതെന്ന് യുവതി മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ആമയ്‌ക്കായി പെൺകുട്ടിയുടെ കുടുംബം ഏറെ പരിശ്രമിച്ചെങ്കിലും വാങ്ങാനുമായില്ല.

21 നഖങ്ങളുള്ള ആമയ്‌ക്ക് 5 ലക്ഷം മുതൽ 10 ലക്ഷം വരെ വിലമതിക്കും എന്നാണ് കണക്ക്. ആമയെ കണ്ടെത്താനായില്ല എന്ന വിവരം വരന്റെ ബന്ധുക്കളെ അറിയിച്ചതോടെ അവർ വിവാഹം വേണ്ടെന്നു വയ്‌ക്കുകയായിരുന്നു. തുടർന്നാണ് പെൺകുട്ടിയുടെ കുടുംബം വഞ്ചനാ കുറ്റം കാട്ടി പരാതി നൽകിയത്.

പല തവണയായി യുവാവ് വാങ്ങിയ പണം മടക്കി നൽകണമെന്നും പരാതിയിൽ അവർ ആവശ്യപ്പെട്ടു. യുവാവിനും 5 കുടുംബാംഗങ്ങൾക്കുമെതിരെയാണ് ഉസ്മാൻപുര പോലീസ് കേസെടുത്തത്. 21 നഖങ്ങളുള്ള ആമകൾ ഭാഗ്യം കൊണ്ടുവരുമെന്നും ഉടമയ്‌ക്ക് നിധി കണ്ടെത്തി നൽകുമെന്നും ചില അന്ധവിശ്വാസങ്ങൾ ഉള്ളതായി വന്യജീവി പ്രവർത്തകർ പറഞ്ഞു. അതിനാൽ ചില പ്രദേശങ്ങളിൽ ഇവയ്‌ക്ക് ആവശ്യക്കാരുമുണ്ട്.

NEWS
Advertisment