അത് ഞങ്ങളുടേതല്ല, ഇതിലൊന്നും പങ്കില്ല; ആദിപുരുഷ് വിവാദത്തില്‍ കുറിപ്പുമായി അജയ് ദേവ്ഗണിന്റെ വി.എഫ്.എക്‌സ് കമ്പനി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

രാമായണത്തിന്റെ പശ്ചാത്തലത്തില്‍ പ്രഭാസിനെ നായകനാക്കി ഒരുക്കിയ ‘ആദിപുരുഷി’ലെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. എന്നാല്‍ വീഡിയോക്കെതിരെ വലിയ ട്രോളുകളാണ് ഉയര്‍ന്നത്. കാര്‍ട്ടൂണിനെ വെല്ലുന്ന ഗ്രാഫിക്‌സ് എന്നാണ് ടീസറിനെ പരിഹസിച്ച് വിമര്‍ശകര്‍ പറയുന്നത്.

ചിത്രത്തിന്റെ വി.എഫ്.എക്‌സിനെതിരായ വിമര്‍ശനം സമൂഹ മാധ്യമങ്ങളില്‍ കടുത്തതോടെ ചിത്രത്തിന്റെ വി.എഫ്.എക്‌സ് ചെയ്തുവെന്ന് പ്രചരിക്കപ്പെടുന്ന അജയ് ദേവ്ഗണിന്റെ ഉടമസ്ഥതയിലുള്ള വി.എഫ്.എക്‌സ് കമ്പനി എന്‍.വൈ വി.എഫ്.എക്‌സ് വാല വ്യക്തത വരുത്തി പത്രകുറിപ്പ് പ്രസിദ്ധീകരിച്ചു.

ഫിലിം അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശാണ് എന്‍.വൈ വി.എഫ്.എക്‌സ് വാലയുടെ പ്രസ്താവന പങ്കുവെച്ചത്. തങ്ങള്‍ ആദിപുരുഷ് എന്ന സിനിമയുടെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിലോ സ്‌പെഷ്യല്‍ എഫക്ട്‌സ് വിഭാഗത്തിലോ ഭാഗമായിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ ചോദിച്ച് രംഗത്തുവന്നതുകൊണ്ടാണ് ഇതില്‍ വ്യക്തത വരുത്തുന്നതെന്നും എന്‍.വൈ വി.എഫ്.എക്‌സ് വാല പ്രസ്താവനയില്‍ അറിയിച്ചു.

ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിന്റെ ടീസര്‍ കഴിഞ്ഞ ദിവസം അയോധ്യയില്‍ വെച്ചാണ് റിലീസ് ചെയ്തത്. ത്രീ ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തന്‍ഹാജി; ദ അണ്‍സങ് വാരിയറിന് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആദിപുരുഷ്. 500 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ 250 കോടിയും വി.എഫ്.എക്‌സിന് വേണ്ടിയാണ് ചെലവഴിച്ചിരിക്കുന്നത്. 120 കോടിയാണ് ചിത്രത്തിലെ പ്രഭാസിന്റെ പ്രതിഫലം. ടീ സീരീസ്, റെട്രോഫൈലിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2023 ജനുവരിയില്‍ തെലുഗ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളില്‍ ചിത്രം തിയറ്ററുകളിലെത്തും.

Advertisment