'
ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ പേരാണ് മാധ്യമങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രാവിശ്യം കേട്ട് കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെ അഭിനന്ദന്‍ പറപ്പിച്ച മിഗ്-21 വിമാനം തകര്‍ന്നുവീഴുകയായിരുന്നു. സംഭവം സംബന്ധിച്ച നിരവധി ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ അഭിനന്ദന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലാണെന്ന കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിംഗ് കമാന്റര്‍ എന്ന നിലയില്‍ വ്യോമസേനയിലെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍ ഒരു മണി രത്‌നം സിനിമയ്ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു, മുന്‍പ്.
ചെക്കാ ചിവന്ത വാനത്തിന് മുന്‍പ് മണി രത്‌നം സംവിധാനം ചെയ്ത 'കാട്ര് വെളിയിടൈ' (2017) എന്ന സിനിമയുടെ കണ്‍സള്‍ട്ടന്റ് ആയിരുന്നു അഭിനന്ദന്‍. 'കാട്ര് വെളിയിടൈ' കണ്ടിട്ടുള്ളവര്‍ക്ക് മണി രത്‌നം എന്തുകൊണ്ട് അദ്ദേഹത്തെ സമീപിച്ചുവെന്ന് മനസിലാവും. ഇപ്പോള്‍ അഭിനന്ദന്റെ കര്‍മമേഖലയില്‍ സംഭവിച്ചതാണ് മണി രത്‌നത്തിന്റെ നായകനും സിനിമയില്‍ സംഭവിക്കുന്നത്. കാര്‍ത്തി അവതരിപ്പിച്ച വ്യോമസേനാ പൈലറ്റ് വരുണ്‍ ചക്രപാണി പാകിസ്ഥാന്‍ തടങ്കലിലാവുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. വ്യോമസേനയിലെ സ്‌ക്വാഡ്രണ്‍ ലീഡറായിരുന്നു കാര്‍ത്തി അവതരിപ്പിച്ച കഥാപാത്രം. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വ്യോമസേനാ പൈലറ്റിന്റെ പ്രണയജീവിതം കൂടിയാണ് ചിത്രം പറഞ്ഞത്. നായകകഥാപാത്രം വ്യോമസേനാ പൈലറ്റ് ആയതിനാല്‍ വിഷയത്തില്‍ അവഗാഹമുള്ള, സേനയില്‍ നിന്നുതന്നെയുള്ള ഒരാളെ മണി രത്‌നം തേടുകയായിരുന്നു. ആ അന്വേഷണം അഭിനന്ദന്‍ വര്‍ധമാനിലുമെത്തി.