ഇന്ത്യന്‍ സിനിമ

കോശകലകള്‍ നശിച്ചുപോകുന്ന ‘ഗാന്‍ഗ്രീന്‍’ എന്ന അസുഖത്തെ തുടര്‍ന്ന് നടന്‍ ലോകേന്ദ്ര സിംഗിന്റെ കാല്‍ മുറിച്ചുമാറ്റി

ഫിലിം ഡസ്ക്
Wednesday, August 4, 2021

അണുബാധയെ തുടര്‍ന്ന് കോശകലകള്‍ നശിച്ചുപോകുന്ന ‘ഗാന്‍ഗ്രീന്‍’ എന്ന അസുഖത്തെ തുടര്‍ന്ന് നടന്‍ ലോകേന്ദ്ര സിംഗിന്റെ കാല്‍ മുറിച്ചുമാറ്റി. ‘യേ ഹോ മൊഹബ്ബത്തേന്‍’, ‘ജോധാ അക്ബര്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെയും ടിവി ഷോകളിലൂടെയും പ്രശസ്തനായ ലോകേന്ദ്ര സിംഗ് ഏതാനും നാളുകളായി അസുഖത്തിന് ചികിത്സയിലായിരുന്നു.

എന്നാല്‍ അണുബാധ കടുത്തതിനെ തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റേണ്ട സാഹചര്യത്തിലെത്തുകയായിരുന്നു. പത്ത് വര്‍ഷമായി പ്രമേഹരോഗി കൂടിയാണ് ലോകേന്ദ്ര സിംഗ്. അസുഖം ചെറുതായി കണ്ടുതുടങ്ങിയപ്പോള്‍ തന്നെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നുവെന്നാണ് ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലോകേന്ദ്ര സിംഗ് പറഞ്ഞത്.

‘വലതുകാലില്‍ ചെറിയൊരു മുഴ പോലെയാണ് ആദ്യം കണ്ടത്. ഞാനത് തീര്‍ത്തും അവഗണിച്ചുവെന്നതാണ് സത്യം. പിന്നീടവിടെ അണുബാധയുണ്ടായി. അത് മറ്റ് ഭാഗങ്ങളിലേക്കെല്ലാം പടര്‍ന്നു. ഒടുവില്‍ ഗാന്‍ഗ്രീന്‍ എന്ന അസുഖത്തിലേക്കെത്തി.

മജ്ജയില്‍ വരെ അണുബാധയെത്തിയതോടെ മുട്ടിന് താഴേക്ക് കാല്‍ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു…’- അമ്പതുകാരനായ ലോകേന്ദ്ര സിംഗ് പറഞ്ഞു.

ബാക്ടീരിയല്‍ അണുബാധ മൂലമാണ് ഗാന്‍ഗ്രീന്‍ പിടിപെടുന്നത്. കൈകാലുകളെയാണ് സാധാരണഗതിയില്‍ ഇത് ബാധിക്കുക. രോഗം പൂര്‍ണമായി ഭേദപ്പെടുത്താനാകില്ലെങ്കിലും ഇതിന്റെ തീവ്രതയെ ചികിത്സയിലൂടെ നിയന്ത്രണത്തിലാക്കാന്‍ സാധിക്കും.

പ്രമേഹമുള്ള വരിലാണെങ്കില്‍ അസുഖം പിടിപെടാനും അത് ഗുരുതരമാകാനുമുള്ള സാധ്യതകള്‍ കൂടുതലാണ്. ഇതുതന്നെയാണ് ലോകേന്ദ്ര സിംഗിന്റെ കാര്യത്തിലും സംഭവിച്ചത്.

ജോലിത്തിരക്കിനിടെ ജീവിതരീതികള്‍ ചിട്ടപ്പെടുത്തുന്നതില്‍ താന്‍ പരാജയപ്പെട്ടിരുന്നുവെന്നും ഇതാണ് ആരോഗ്യം തീര്‍ത്തും മോശമായി മാറാന്‍ കാരണമായതെന്നും ലോകേന്ദ്ര സിംഗ് അഭിമുഖത്തില്‍ പറഞ്ഞു.

കൊവിഡ് കാലത്ത് സാമ്പത്തിക പ്രശ്‌നം നേരിട്ടിരുന്ന, പ്രത്യേകിച്ച് ചികിത്സാവശ്യങ്ങള്‍ക്ക്- എന്നാല്‍ ടിവി ആര്‍ടിസ്റ്റുകളുടെയും അഭിനേതാക്കളുടെയും സംഘടനയായ ‘CINTAA’ സഹായമെത്തിച്ചുവെന്നും മറ്റ് ചില താരങ്ങള്‍ വ്യക്തിപരമായും സഹായിച്ചുവെന്നും ലോകേന്ദ്ര സിംഗ് പറഞ്ഞു.

×