/sathyam/media/post_attachments/eyScxfi9svKn9F2eImFj.jpg)
അട്ടപ്പാടി:ആദിവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് അട്ടപ്പാടി ഷോളയൂർ വട്ടലക്കി ഊര്മൂപ്പനേയും മകൻ വി.എസ് മുരുകനേയും പിടികൂടാനെത്തിയ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് പറഞ്ഞ് ആദിവാസി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അഗളി എ.എസ്.പി ഓഫീസിന് മുന്നിൽ പ്രതിഷേധം. കുടുംബതർക്കവുമായി ബന്ധപ്പെട്ട പരാതിയിൻമേലാണ് ഊരുമൂപ്പനേയും മകനേയും പിടികൂടാനായി പോലീസ് സംഘം ഊരിലെത്തിയത്.
ബന്ധുവിനെ ചൊറിയൻ മൂപ്പൻ മർദിച്ചുവെന്ന പരാതിയുടെയടിസ്ഥാനത്തിൽ ഊരിലെത്തിയ പോലീസ് ഇദ്ദേഹത്തിന്റെ 17 വയസ്സുള്ള മകനെ മുഖത്തടിച്ചു എന്നതാണ് പ്രധാന പ്രശ്നമായി ആക്ഷൻ കൗൺസിൽ ഉന്നയിക്കുന്നത്. ഷോളയൂർ പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം ആദിവാസി സംഘടനകൾ അഗളി എ.എസ്.പി ഓഫീസിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥന് നേരെ നടപടിയുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.എന്നാൽ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള ഇടപെടൽ മാത്രമേ നടത്തിയിട്ടുള്ളൂവെന്നും പോലീസ് പറഞ്ഞു.