സ്വന്തം മാതാപിതാക്കള്‍ക്ക് കുഴിമാടം പോലും ഒരുക്കാന്‍ അനുവദിക്കാത്തവരോ കുടുംബത്തെ ഏറ്റെടുക്കുന്നത് ? മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ സലാം

സത്യം ഡെസ്ക്
Tuesday, December 29, 2020

സ്വന്തം ഭാര്യയുടെ മൃതദേഹം തോളിലേറ്റി കിലോമീറ്ററുകളോളം ഒരു മനുഷ്യന് കാല്‍നടയായി യാത്ര ചെയ്യേണ്ടി വന്നത് യു.പിയിലായിരുന്നു. എന്നിട്ടും വാർത്ത കേട്ട് കേരളീയരുടെ മനസ്സ് ഏറെ വേദനിച്ചു.

പാവപ്പെട്ടവന് കൂരയൊരുക്കി എന്ന് കൊട്ടിഘോഷിച്ചു ലൈഫ്മിഷന്റെ പോരിശയും പറഞ്ഞ് കേരളമാകെ പ്രചാരണങ്ങള്‍ കൊഴുപ്പിക്കുന്ന ഇടത് സര്‍ക്കാരിന് മൂന്നരസെന്‍റിലെ ഒരു ഷെഡില്‍ അന്തിയുറങ്ങുന്ന ഒരു പാവപ്പെട്ട കുടുംബത്തെ കുടിയൊഴുപ്പിക്കാന്‍ കാണിച്ച ധൃതിയുടെ സാഹചര്യമെന്തായിരുന്നുവെന്ന് അധികാരികള്‍ വിശദീകരിക്കേണ്ടതുണ്ട്.

പൊളളലേറ്റവര്‍ക്ക് സമയംബന്ധിയമായി ചികില്‍സ പോലും നല്‍കാതെ പോലീസ് കാഴ്ചക്കാരായതിനെ കുറിച്ച് ആഭ്യന്തര വകുപ്പിന്‍റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ട്.

കോര്‍പറേറ്റുകളുടേയും മന്ത്രി ബന്ധുക്കളുടേയും ഇടത് എം.എല്‍.എമാരുടേയും വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിക്കാന്‍ ഒരു ചെറുവിരലനക്കിയിട്ടില്ലാത്ത പിണറായി സര്‍ക്കാര്‍ വെറും മൂന്നു സെൻ്റിൽ ഷെഡ് കെട്ടി അന്തിയുറങ്ങുന്ന പാവങ്ങളെ ലോണുകളുടേയും മറ്റ് നടപടി ക്രമങ്ങളുടേയും പേരില്‍ ഈ ഭൂമിയിൽ നിന്നു തന്നെ ഒഴിപ്പിക്കാന്‍ കാണിക്കുന്ന ആവേശം കേരളീയപൊതുസമൂഹം മനസ്സിലാക്കും.

സ്വന്തം മാതാപിതാക്കൾക്കു കുഴിമാടം ഒരുക്കാൻ പോലും അനുവദിക്കാത്തവർ ”വീടുണ്ടാക്കും, കുടുംബത്തെ ഏറ്റെടുക്കുമെന്നൊക്കെ” ഇപ്പോൾ പറയേണ്ടി വന്നത് ശക്തമായ ജനരോഷം
ഭയന്നിട്ടു തന്നെയാണ്.

×