കണ്ടത് എള്ളോളം ! കാണാത്തത് കുന്നോളം !

New Update

publive-image

-അഡ്വ. എസ് അശോകന്‍

കോവിഡ് രോഗികളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ കേരള സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ള രാജ്യമായി ഇന്‍ഡ്യ മാറാന്‍ പോകുന്നു. ലോക്ഡൗണ്‍ - അണ്‍ലോക് കാലത്തെ നേട്ടങ്ങളുടെ കണക്ക് അങ്ങിനെയൊക്കെയാണ്.

Advertisment

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് എല്ലാം അടച്ചിട്ടത് ആന മണ്ടത്തരമായിരുന്നു എന്നും സാമൂഹിക അകലം ഉറപ്പാക്കി സമ്പര്‍ക്ക സാധ്യത ഇല്ലാതാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നും തിരിച്ചറിയാന്‍ ഏറെ വൈകിപോയി.

ജനങ്ങളെയാകെ ഭയാശങ്കയിലാക്കി രക്ഷകരുടെ വേഷത്തില്‍ രംഗപ്രവേശം ചെയ്യാന്‍ അവസരം കാത്തിരുന്ന കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തത്. ഒന്നും സദുദ്ദേശത്തോടെ അല്ലാതായതു കൊണ്ട് ഇങ്ങനെയൊക്കെ തന്നെ സംഭവിച്ചേ പറ്റൂ.

സാമൂഹിക അകലം പാലിക്കണം, സമ്പര്‍ക്കം ഒഴിവാക്കണം എന്നതില്‍ ആര്‍ക്കും പ്രതിബദ്ധത ഇല്ലാതെ പോയി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മാത്രമല്ല എല്ലാവരും ഈ കാര്യത്തില്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു.

സാമൂഹിക അകലം പാലിക്കാത്തവരെ പൊതു ശത്രുവായി ആരും കണ്ടില്ല. എത്ര ഉന്നതരായാലും സാമൂഹിക അകലം പാലിക്കാത്തവരെ ദൃശ്യ, പത്ര മാധ്യമങ്ങളിലൂടെ തുറന്നു കാണിച്ചിരുന്നു എങ്കില്‍ എല്ലാവരും നല്ല പാഠം പഠിക്കുമായിരുന്നു.

സാമൂഹിക അകലം പാലിക്കാത്തവരെ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല എന്നതു മാത്രമല്ല അവരെയൊക്കെ മഹത്വവല്‍ക്കരിച്ചു എന്നതാണ് ഏറ്റവും വലിയ തെറ്റ്. സാമൂഹിക അകലം പാലിക്കണമെന്ന് പറഞ്ഞവരെ എല്ലാവരും പുച്ഛിച്ചു തള്ളുകയും ചെയ്തു.

കോവിഡിനെ പേടിച്ചിട്ടു കാര്യമില്ല കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണം എന്നൊക്കെ വലിയ വായില്‍ സൂക്തങ്ങള്‍ പ്രചരിപ്പിച്ചവര്‍ പലതും മറന്നു പോയി.

ആര്‍ക്കും കോവിഡ് വരാതിരിക്കുക എന്നതിനാണ് പ്രധാന്യം എന്നൊന്നും ആരും തന്നെ ഓര്‍ത്തില്ല. കോവിഡില്‍ നിന്ന് മുക്തരായവര്‍ക്ക് ഭാവിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യം കാലം തെളിയിക്കേണ്ടതാണ് എന്ന കാര്യവും ആരും കാണാതെ പോകുന്നു.

കോവിഡ് വ്യാപനത്തിന്‍റെ യഥാര്‍ത്ഥ കണക്കുകള്‍ ഇനിയും അറിയാനിരിക്കുന്നതേയുള്ളു എന്നത് ഭയാനകമാണ്. എത്ര പോരെ പരിശോധിക്കണം, എത്ര പേരുടെ പരിശോധനഫലം പരസ്യപ്പെടുത്തണം എന്നതില്‍ പോലും സംസ്ഥാന സര്‍ക്കാരിന് അവിശുദ്ധ രാഷ്ട്രീയമാണ്.

കോവിഡ് പ്രതിരോധത്തില്‍ ഒന്നാം സ്ഥാനം നേടാന്‍ വേണ്ടി എല്ലാവരെയും കബളിപ്പിച്ച സംസ്ഥാന സര്‍ക്കാരിന് രോഗ വ്യാപനത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനുള്ള അവാര്‍ഡ് ഉറപ്പാണ്.

ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുച്ഛിച്ചവര്‍ ഇനിയും പഠിച്ചിട്ടില്ല.

കോവിഡ് വ്യാപനം നിയന്ത്രണാധിതാമായ പശ്ചാത്തലത്തില്‍ യു ഡി എഫിന്‍റെ പ്രത്യക്ഷ സമരങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ച പ്രതിപക്ഷ നേതാവിനെ ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്ന വാര്‍ത്താ പ്രധാന്യം അവിശ്വസനീയമാണ്. സത്യത്തില്‍ മാധ്യമങ്ങള്‍ക്ക് ആരോടാണ്, എന്തിനോടാണ് പ്രതിബദ്ധത?.

വാല്‍കഷണം

വിവാഹങ്ങളില്‍ അമ്പതു പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദ്ദേശം. ദിവസം മുഴുവന്‍ സമയം ക്രമീകരിച്ച് വ്യത്യസ്ഥ സമയങ്ങളില്‍ രണ്ടായിരം പേരെ പങ്കെടുപ്പിച്ച് വിവാഹം ആഘോഷമാക്കിയ മിടുക്കന്‍മാര്‍ക്ക് എന്ത് അവാര്‍ഡാണ് നല്‍കേണ്ടത്?

voices
Advertisment