ഗൗതം ഗംഭീറിനെതിരെ വിമർശനവുമായി ഷാഹിദ് അഫ്രീദി. ഗംഭീർ മികച്ച ബാറ്റ്സ്മാനാണെങ്കിലും അത്ര നല്ല മനുഷ്യനല്ലെന്നാണ് അഫ്രീദിയുടെ പുതിയ ‘കണ്ടെത്തൽ’. മുൻപ് ഗംഭീറിനെക്കുറിച്ച് ഇന്ത്യയുടെ മുൻ മെന്റൽ കണ്ടിഷനിങ് പരിശീലകൻ പാഡി അപ്ടൺ നടത്തിയ പരാമർശങ്ങളുടെ ചുവടുപിടിച്ചാണ് അഫ്രീദി ഇങ്ങനെ അഭിപ്രായപ്പെട്ടത്. പാക്ക് ടിവി അവതാരക സൈനാബ് അബ്ബാസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ക്രിക്കറ്റ് താരമെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും എനിക്ക് ഗംഭീറിനെ ഇഷ്ടമാണ്. പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ചില പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിന്റെ തന്നെ ഫിസിയോ ഇക്കാര്യം മുൻപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്’ – അഫ്രീദി പറഞ്ഞു.
ക്രിക്കറ്റിൽ സജീവമായിരിക്കെ സെഞ്ചുറി നേടിക്കഴിയുമ്പോഴുള്ള ഗംഭീറിന്റെ പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് പാഡി അപ്ടൺ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ‘അസ്വാഭാവികത’ വിശദീകരിച്ചത്. 2009–2011 കാലഘട്ടത്തിലാണ് അപ്ടൺ ഇന്ത്യൻ ടീമിന്റെ മെന്റൽ കണ്ടിഷനിങ് പരിശീലകനായിരുന്നത്.
സെഞ്ചുറി നേടിയാൽപ്പോലും ഗംഭീർ കടുത്ത സമ്മർദ്ദത്തിലാണ് കളിച്ചിരുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ‘ഇന്ത്യൻ ടീമിൽ താൻ കണ്ട ഏറ്റവും ദുർബലൻ ഗൗതം ഗംഭീറായിരുന്നു’വെന്നും അപ്ടൺ വ്യക്തമാക്കിയിരുന്നു.