മാധ്യമ പ്രവർത്തകന്റെ വീട്ടിൽ നിന്നും മൽസ്യ കൃഷിക്കൊപ്പം പുതിയ നെൽവയലിന്‍റെയും സന്ദേശം

സമദ് കല്ലടിക്കോട്
Friday, September 25, 2020

പാലക്കാട്: എല്ലാവരും കൃഷിക്കാരാവുക എന്നതാണ് കോവിഡാനന്തര കാലത്തെ അതിജീവന സന്ദേശം. കൃഷികാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരും ഇതിൽ നിന്നൊഴിവല്ല.
കൃഷിക്കു വേണ്ടി എഴുതുന്ന മാധ്യമ പ്രവർത്തകർക്കും പ്രതിബദ്ധത പുലർത്താൻ ചുമതലയുണ്ട്.

കരിമ്പയിലെ പത്ര ലേഖകൻ രാജേഷാണ് മാധ്യമ പ്രവർത്തനത്തോടൊപ്പം കൃഷിയിലും തല്പരനായി രംഗത്ത് വന്നിരിക്കുന്നത്. കല്ലടിക്കോട് ചുങ്കം നിർമല ഹൗസിൽ രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് രാജേഷ് നടത്തുന്ന നെല്‍ കൃഷിയുടെ വിത്തിറക്കല്‍ നടന്നു.

76 വയസ് പിന്നിട്ട കർഷകൻ പറക്കിലടി അയ്യപ്പനും ഒരു ഏക്കർ സ്ഥലത്ത് നെൽകൃഷി
നടത്തുന്നുണ്ട്. നാലു വർഷമായി തരിശായി കിടന്ന പ്രദേശത്താണ് നെൽകൃഷി പുനരുജ്ജീവിപ്പിക്കുന്നത്.

കല്ലടിക്കോടൻ മലയുടെ പശ്ചാത്തലത്തിൽ വീടിന്റെ പുറകിലെ പാടത്താണ് രാജേഷിന്റെ കാര്‍ഷിക വൃത്തി. വീടിനോട് ചേർന്ന് അടുക്കള തോട്ടവും മത്സ്യോത്പാദനവുമുണ്ട്.

മാർക്കറ്റിൽ നിന്നു കിട്ടുന്ന അരിയിലും പച്ചക്കറികളിലും മാരകവിഷം ഉണ്ടാകുമെന്നറിയാം. എങ്കിലും വീടിനോടു ചേർന്നുള്ള ഇത്തിരി സ്ഥലത്ത് ഒരടുക്കളത്തോട്ടമെങ്കിലും നട്ടുവളർത്തുന്ന കാര്യം പലർക്കും ചിന്തിക്കാനേ കഴിയില്ല.

മലയാളിയുടെ ഈ മനസ്സിനെ മാറ്റിയെടുക്കാനുള്ള ഉത്തമ മാതൃകയാണ് രാജേഷും വയോധികനായ കർഷകനും നടത്തുന്നത്. ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കിയുള്ള സുഭിക്ഷ കേരളം ജനകീയാസൂത്രണ പദ്ധതിയിൽ നെൽകൃഷി ഞാറ് നടീലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ നിർവഹിച്ചു. കൃഷിഓഫീസർ പി. സാജിദലി പദ്ധതി വിശദീകരണം നടത്തി.

കരിമ്പയിൽ നെൽകൃഷി ഒരു തിരിച്ചു വരവിന്റെ പാതയിലാണ്. എട്ട് ഹെക്ടറിൽ മാത്രമുണ്ടായിരുന്ന നെൽകൃഷി ഇപ്പോൾ പതിനാറ് ഹെക്ടറായി. ശാസ്ത്രീയമായ കൃഷിരീതികളും വളപ്രയോഗവും യന്ത്രവല്‍ക്കരണവുമൊക്കെ സമന്വയിപ്പിച്ചതു വഴിയാണ് കരിമ്പയിൽ നെൽ കൃഷി വ്യാപിക്കുന്നത്.

ഇതിനാവശ്യമായ നെല്‍ വിത്ത് കൃഷി വകുപ്പ് സൗജന്യമായി നല്‍കി. 140 ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്ന അത്യുത്പാദന ശേഷിയുള്ള സുപ്രിയ നെല്‍വിത്താണ് കൃഷി ചെയ്യുന്നത്.

കരിമ്പ അയ്യപ്പൻകോട്ട പാടശേഖര സമിതി, കാർഷിക കർമ്മസേന പൊറ്റശ്ശേരി, എന്നിവയുടെ സഹകരണത്തോടെയാണ് ഞാറുനട്ടത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ്,
മൂന്നാം വാർഡ് മെമ്പർ സുമലത,ജയലക്ഷ്‍മി,പ്രിയ തുടങ്ങിയവർ പങ്കെടുത്തു.

×