കാലിത്തീറ്റയ്ക്ക് 300 രൂപ സബ്സിഡി പ്രഖ്യാപിച്ച് മില്‍മ

New Update
milma

തിരുവനന്തപുരം: ക്ഷീരസംഘങ്ങള്‍ വഴി വില്‍ക്കുന്ന ഓരോ ചാക്ക് മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയ്ക്ക്  300 രൂപ സബ്സിഡി നല്കാന്‍ കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ ഭരണസമിതി തീരുമാനിച്ചതായി മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ്. മണി അറിയിച്ചു.

Advertisment

മാര്‍ച്ച് മാസത്തില്‍ വില്‍പ്പന നടത്തുന്ന കാലിത്തീറ്റയ്ക്കാണ് സബ്സിഡി അനുവദിച്ചിട്ടുള്ളത്. ഫെഡറേഷന്‍ നല്കി വരുന്ന 100 രൂപ സബ്സിഡിയാണ് മാര്‍ച്ച് ഒന്നോടെ 300 ആയി ഉയര്‍ത്താന്‍ മില്‍മ തീരുമാനിച്ചത്.


വര്‍ദ്ധിച്ചു വരുന്ന ഉത്പാദനച്ചെലവ് കാരണം പ്രതിസന്ധി അനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മില്‍മ ചെയര്‍മാന്‍ പറഞ്ഞു. സംസ്ഥാനത്ത് പാലുല്പാദനവും വിപണനവും മെച്ചപ്പെടുത്തുന്നത് ലക്ഷ്യമാക്കി ക്ഷീരകര്‍ഷകര്‍ക്കാവശ്യമായ പിന്തുണ ഉറപ്പാക്കാന്‍ മില്‍മ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മില്‍മ കാലിത്തീറ്റ ചാക്ക് ഒന്നിന് 2024 സെപ്റ്റംബര്‍ മുതല്‍ മില്‍മ ഫെഡറേഷന്‍ 100 രൂപ സബ്സിഡി നല്കുന്നുണ്ട്. മില്‍മയുടെ മലബാര്‍, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ നല്കി വന്ന സബ്സിഡികള്‍ക്ക് പുറമേയാണിത്.


അഞ്ച് കൊല്ലം മുന്‍പുള്ള കാലിത്തീറ്റയുടെ വിലയ്ക്കാണ് ക്ഷീരകര്‍ഷര്‍ക്ക് നിലവില്‍ കാലിത്തീറ്റ ലഭ്യമാകുന്നത്. മില്‍മ കൂടുതല്‍ സബ്സിഡി പ്രഖ്യാപിച്ചതോടെ അതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കര്‍ഷകര്‍ക്ക് കാലിത്തീറ്റ ലഭിക്കും.

ചരിത്രത്തിലാദ്യമായി മില്‍മയുടെ ചില മേഖലാ യൂണിയനുകള്‍ ഒരു വര്‍ഷം തുടര്‍ച്ചയായി കാലിത്തീറ്റയ്ക്ക് സബ്സിഡിയും അധിക പാല്‍വിലയും നല്കുന്നുണ്ട്.

Advertisment