നാട്ടില്‍ നിന്നും തിരിച്ചു വരുന്ന പ്രവാസികളെ ‘കൊള്ളയടിച്ച്’ എയര്‍ ഇന്ത്യ; ടിക്കറ്റിന് ഈടാക്കുന്നത് വന്‍ നിരക്ക്; പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നു

ഗള്‍ഫ് ഡസ്ക്
Friday, July 10, 2020

നാട്ടില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് തിരിക്കുന്ന പ്രവാസികളില്‍ നിന്ന് വിമാനടിക്കറ്റിനായി അമിത നിരക്ക് ഈടാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിയില്‍ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നു. പ്രവാസികളില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന ഈ അനീതി അവസാനിപ്പിക്കണമെന്ന് കെഎംസിസി നേതാവ് പി.കെ. അന്‍വര്‍ നഹ ആവശ്യപ്പെട്ടു.

യുഎഇയില്‍ നിന്ന് ഏകദേശം പതിനായിരം രൂപയ്ക്കാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നാട്ടിലേക്ക് കൊണ്ടുപോയത്. എന്നാല്‍ തിരിച്ച് യുഎയിലേക്കുള്ള യാത്രക്ക് എയര്‍ ഇന്ത്യ പ്രവാസിയെ കൊള്ളലാഭം എടുത്തുകൊണ്ട് ബുദ്ധിമുട്ടിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്ന് അന്‍വര്‍ നഹ പറഞ്ഞു.

ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേര്‍ക്ക് 19000 രൂപയ്ക്കും പിന്നെ ബുക്ക് ചെയ്യുന്നവര്‍ക്ക് 30000 രൂപവരെ ഈടാക്കിയുമാണ് ടിക്കറ്റ് നല്‍കുന്നത്. ഈ അനീതി അവസാനിപ്പിക്കണം. തുല്യചാര്‍ജ് ഏര്‍പ്പാടാക്കണം. ഈ അസാധാരണ സമയത്ത് മനുഷ്യത്വമുള്ള നീക്കങ്ങളുണ്ടാകണം.

മാസങ്ങളായി നാട്ടില്‍ അകപ്പെട്ടു പോയ പ്രവാസിയോടാണ് ഈ നീതികേട് എയര്‍ ഇന്ത്യ കാണിക്കുന്നത്. അതുകൊണ്ട് എത്രയും പെട്ടെന്ന് അധികാരികള്‍ ഈ പ്രശ്‌നം പരിഹരിക്കണമെന്നും ഇതിനായി സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നും അന്‍വര്‍ നഹ ആവശ്യപ്പെട്ടു.

×