Advertisment

എയര്‍ലൈനുകള്‍ അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ബുക്കിംഗ് നടത്തുന്നത് നിയമലംഘനം; യാത്രക്കാരുടെ റിസര്‍വേഷനുകള്‍ റദ്ദാക്കുന്ന എയര്‍ലൈനുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുവൈറ്റ് വ്യോമഗതാഗത വകുപ്പ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: യാത്രക്കാര്‍ക്ക് റിസര്‍വേഷനുകള്‍ സ്ഥിരീകരിച്ച ശേഷം റദ്ദാക്കുന്ന എയര്‍ലൈനുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈറ്റ് വ്യോമഗതാഗത വകുപ്പ് ഡയറക്ടര്‍ അബ്ദുള്ള അല്‍ രജ്ഹി പറഞ്ഞു.

ചില വിമാനക്കമ്പനികള്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തില്‍ കൂടുതല്‍ റിസര്‍വേഷന്‍ നല്‍കുന്നുണ്ടെന്നും, ഇത് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദ്ദേശങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് മൂലം യാത്രകള്‍ തടസപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന പല എയര്‍ലൈനുകളും കുവൈറ്റിലേക്കുള്ള യാത്രക്കാരുടെ റിസര്‍വേഷനുകള്‍ റദ്ദാക്കിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ അനുമതിയില്ലാത്തതാണ് ഇതിന് കാരണമെന്നാണ് പിന്നീട് യാത്രക്കാരെ അറിയിക്കുന്നതെന്നും അബ്ദുള്ള അല്‍ രജ്ഹി പറഞ്ഞു.

ഇത് എയര്‍ലൈനുകളുടെ വിശ്വാസ്യത, പ്രൊഫഷണലിസം എന്നിവയില്‍ നിന്ന് അകലുന്ന കാര്യങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിമാനങ്ങളുടെ സീറ്റുകളുടെ എണ്ണം എല്ലാ എയര്‍ലൈനുകള്‍ക്കും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ചില കമ്പനികള്‍ അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ബുക്ക് ചെയ്യുന്നത് സിവില്‍ ഏവിയേഷന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment