Advertisment

കുവൈറ്റില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; യാത്രക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി; നിലവിലെ പ്രവര്‍ത്തനപദ്ധതി ദൈര്‍ഘ്യമേറിയതാണെന്ന് വിമര്‍ശനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി: ഓഗസ്റ്റ് ഒന്ന് മുതല്‍ വാണിജ്യ വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

Advertisment

publive-image

വിദേശത്ത് നിന്ന് എത്തിച്ചേരുന്ന യാത്രക്കാരും വിമാനക്കമ്പനികളും ശ്രദ്ധിക്കേണ്ടത്

  • കൊവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന പിസിആര്‍ സര്‍ട്ടിഫിക്കറ്റ് (അറ്റസ്റ്റ് ചെയ്തത്) യാത്രക്കാരന്‍ വിമാനത്താവളത്തില്‍ ഹാജരാക്കണം
  • ഹോം ക്വാറന്റൈനിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ കഴിയാന്‍ തയ്യാറാണെന്ന പ്രതിജ്ഞാ പത്രം യാത്രക്കാരന്‍ ആരോഗ്യമന്ത്രാലയ അധികൃതര്‍ക്ക് സമര്‍പ്പിക്കണം
  • വിമാനത്തില്‍ കയറുന്നതിന് മുമ്പും വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതിന് മുമ്പും യാത്രക്കാരുടെ താപനില രേഖപ്പെടുത്തണം
  • ഓരോ വിമാനത്തില്‍ നിന്നുമുള്ള 10 ശതമാനം യാത്രക്കാരെ റാന്‍ഡം പരിശോധനയ്ക്ക് വിധേയമാക്കും
  • മാസ്‌ക്, കൈയ്യുറ തുടങ്ങിയവ എല്ലാ യാത്രക്കാരും നിര്‍ബന്ധമായി ധരിക്കണം

പുറപ്പെടുന്ന യാത്രക്കാരും വിമാനക്കമ്പനികളും അറിയാന്‍...

  • പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ സ്ഥാപിക്കുന്ന ലബോറട്ടറിയില്‍ നിന്ന് കൊവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് വാങ്ങണം
  • യാത്രക്കാര്‍ക്കുള്ള പിസിആര്‍ ടെസ്റ്റ് സംഘടിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം അതത് വിമാനക്കമ്പനികളുടെ ഗ്രൗണ്ട് ഡ്യൂട്ടി വിഭാഗത്തിനായിരിക്കും
  • കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം

അതേസമയം, വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള നീക്കത്തെ ദ കുവൈറ്റ് ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സീസ് അസോസിയേഷന്‍ (കെടിടിഎഎ) സ്വാഗതം ചെയ്തു. എന്നാല്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രവര്‍ത്തന പദ്ധതി ദൈര്‍ഘ്യമേറിയതാണെന്ന് അവര്‍ ആരോപിച്ചു.

വിമാന സര്‍വീസുകള്‍ പതിയെ മാത്രമേ പുനരാരംഭിക്കാന്‍ സാധിക്കൂവെന്ന് മനസിലാക്കുന്നു. എങ്കിലും ആറു മാസത്തിനു ശേഷം രണ്ടാം ഘട്ടവും ഒരു വര്‍ഷത്തിനു ശേഷം മൂന്നാം ഘട്ടവും നടപ്പിലാക്കാനുള്ള തീരുമാനം വളരെ നീണ്ടുപോയെന്ന് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

''മറ്റ് ഗള്‍ഫ് രാജ്യങ്ങളിലോ യൂറോപ്യന്‍ വിമാനത്താവളങ്ങളിലോ ഇത്തരം ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനപദ്ധതി സ്വീകരിച്ചതായി കേട്ടിട്ടില്ല''-അസോസിയേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ തീരുമാനത്തിലൂടെ വിമാനടിക്കറ്റിന്റെ വില ഉയരുകയും ഇത് സ്വദേശികളെയും പ്രവാസികളെയും പ്രതികൂലമായി ബാധിക്കുമെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

നിലവിലെ പ്രവര്‍ത്തനപദ്ധതി പുനരവലോകനം ചെയ്യണമെന്നും ഓരോ മൂന്ന് മാസം കൂടുമ്പോഴും അടുത്ത ഘട്ട പദ്ധതികള്‍ ആരംഭിക്കാന്‍ തീരുമാനിക്കണമെന്നും കെടിടിഎഎ സര്‍ക്കാരിനോടും ഡിജിസിഎയോടും ആവശ്യപ്പെട്ടു.

Advertisment