അക്ബര്‍ ചക്രവര്‍ത്തി സമ്മാനിച്ച ഖുറാന്‍ തട്ടിയെടുത്ത മുഖ്യപ്രതി പിടിയില്‍

New Update

ജയ്പുര്‍: അക്ബര്‍ ചക്രവര്‍ത്തി സമ്മാനിച്ച ഖുറാന്‍ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. ബില്‍വാഡയിലെ ഒരു കുടുംബത്തിന് അക്ബര്‍ ചക്രവര്‍ത്തി സമ്മാനിച്ച സ്വര്‍ണ ലിപിയില്‍ എഴുതിയ ഖുറാനാണ് പുരാവസ്തുക്കള്‍ വാങ്ങാനെന്ന വ്യാജേന എത്തിയവര്‍ തട്ടിയെടുത്തത്. ചരിത്രപ്രാധാന്യമുള്ള ഖുറാനും മോഷ്ടാവില്‍നിന്നു വീണ്ടെടുത്തു. കേസില്‍ രണ്ടു പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

Advertisment

publive-image

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12-നാണ് ഖുറാന്‍ തട്ടിയെടുക്കപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ബില്‍വാഡയിലെ പ്രാദേശിക ഭരണകര്‍ത്താക്കളായിരുന്ന കുടുംബം, അവര്‍ക്ക് അക്ബര്‍ സമ്മാനിച്ച ഖുറാന്‍ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വിവരം രഹസ്യമായറിഞ്ഞ 29-കാരനായ ബന്‍വാരി മീണയുടെ നേതൃത്വത്തിലുള്ള സംഘം ഖുറാന്‍ വാങ്ങാനെന്ന വ്യാജേന വീട്ടുകാരെ സമീപിക്കുകയായിരുന്നു.

ഗ്രന്ഥം കാണാനെന്ന വ്യാജേന ഉടമയെ വിജനമായ സ്ഥലത്തേക്കു വിളിച്ചു വരുത്തിയശേഷം മര്‍ദ്ദിച്ചു കീഴ്‌പ്പെടുത്തി പുസ്തകവുമായി കടക്കുകയായിരുന്നു പ്രതികള്‍. സ്വര്‍ണം കൊണ്ട് എഴുതപ്പെട്ട ഖുറാന് 1014 പേജുകളാണുള്ളത്.

പ്രതികള്‍ ബംഗ്ലദേശില്‍ നിന്നുള്ള ഒരാള്‍ക്കു 16 കോടി രൂപയ്ക്ക് ഇതു വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജയ്പുരില്‍ മറ്റൊരാളുമായി കച്ചവടം ഉറപ്പിക്കുന്നതിനിടെയാണു മീണ കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് ടീമിന്റെ പിടിയിലായത്.

quran emperor akbar
Advertisment