മണ്ണാർക്കാട്:വേനല്‍ക്കാലത്തു മഴയ്ക്കുവേണ്ടി കാത്തിരിക്കുകയും, മഴക്കാലത്തു പുഴയിൽ വെള്ളം കയറുമോ എന്ന് ഭയപ്പെടുകയുമാണ് നമ്മൾ. കഴിഞ്ഞ വർഷങ്ങളിലെ കനത്ത മഴ പ്രളയത്തിന് കാരണമായപ്പോൾ ഈ ഭയം ഒഴിയാബാധ ആവുകയും ചെയ്തു.പുഴകളുടെ തീരത്തുള്ളവർ മാറി താമസിക്കേണ്ടിയും വന്നു.
/sathyam/media/post_attachments/HTUkcFCsHGf30Pk32GyC.jpg)
കുന്തിപ്പുഴയിൽ പ്രളയ ജലം പ്രതിസന്ധി ആയപ്പോഴാണ് ധാരാളം കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുള്ള മോഹനനോട്, വെള്ളപ്പൊക്ക സാധ്യത മുൻകൂട്ടി അറിയാൻ, സിഗ്‌നൽ തരുന്ന എന്തെങ്കിലും സംവിധാനത്തെ കുറിച്ച്-ഡോ.കമ്മാപ്പ, വാട്സ്ആപ് ഗ്രൂപ്പിലൂടെ അന്വേഷിക്കുന്നത്. ഉടനെ തന്നെ പരിഹാരവുമായി മോഹനൻ എത്തി.കരിമ്പ-ഇടക്കുർശി അജിത് എഞ്ചിനീയറിങ് ഉടമയാണ് എം.എസ് മോഹൻകുമാർ. ഇടഞ്ഞ ആനയെ നിയന്ത്രിക്കുന്നതുൾപ്പടെ, നിരവധി ഉപകരണങ്ങള്‍ വികസിപ്പിച്ച ഇദ്ദേഹം മുമ്പും ശ്രദ്ധേയനായിട്ടുണ്ട്.
പുഴയിൽ നിന്നും കരയിലേക്ക് എത്ര ഉയരത്തിൽ വെള്ളം കയറുമ്പോഴാണ്,അലാറം അടിക്കേണ്ടതെങ്കിൽ, അതിനനുസരിച്ച് ഫ്ലോട്ടിങ് യൂണിറ്റ് സ്ഥാപിക്കാം. ഫ്ലോട്ടിങ് യൂണിറ്റിൽ നിന്നും അലാറം സ്വിച്ചിലേക്ക്- കണക്ഷൻ കൊടുത്തിരിക്കും. വെള്ളം പൊങ്ങുന്നതനുസരിച്ച് യൂണിറ്റ് 3 തവണ ശബ്ദം പുറപ്പെടുവിക്കും.
പ്രളയ സാധ്യത ഉള്ളിടത്തെല്ലാം ഇത് സ്ഥാപിക്കാനായാൽ നല്ലതായിരിക്കുമെന്ന് ഡോ.കമ്മാപ്പ അഭിപ്രായപ്പെട്ടു. വെള്ളപ്പൊക്കമുണ്ടായാൽ സിഗ്‌നൽ തരുന്ന ഈ സാങ്കേതികസംവിധാനത്തിലൂടെ ജാഗ്രത
കൈക്കൊള്ളാൻ സാവകാശം കിട്ടുന്നു എന്നതാണ് ഇതിന്റെ ഗുണം.പുഴകളിൽ
പ്രളയ സാധ്യത വർധിച്ച സാഹചര്യത്തിൽ, തയ്യാറെടുപ്പുകൾ നടത്തി ദുരന്താഘാതത്തെ ലഘൂകരിക്കാനും ഇതുവഴി സാധിക്കും.
കേരളത്തിൽ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുന്ന ഒന്നാണ് വെള്ളപ്പൊക്കം. വെള്ളപ്പൊക്കമുണ്ടായാൽ പരമാവധി മുൻകരുതലെടുത്ത് അവയുടെ നാശ നഷ്ടങ്ങൾ നമുക്ക് നിയന്ത്രിക്കാൻ സഹായകമായ ഫ്ളഡ് സിഗ്‌നൽ യൂണിറ്റ് വികസിപ്പിച്ചെടുത്തെങ്കിലും, ഇത്തരം ഉപകരണങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച് ജനങ്ങളിലെത്തിക്കാൻ കണ്ടുപിടുത്തങ്ങൾക്ക് നല്ല പ്രയത്നവും സാമ്പത്തിക ചെലവും വേണ്ടിവരുന്നുണ്ടെന്നും,സർക്കാർ സഹായം ആവശ്യമാണെന്നും
മോഹൻകുമാർ പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ഫ്ളഡ് സിഗ്‌നൽ യൂണിറ്റ് നിർമ്മിച്ചിട്ടുള്ളത്. വിപുലമായി നിർമിക്കാനുദ്ദേശിക്കുന്ന ഉപകരണത്തിന്റെആദ്യ ഓർഡർ ഡോ.കമ്മാപ്പ തന്നെ നൽകുകയും ചെയ്തു.