/sathyam/media/post_attachments/d9jV30dEniXrv33BILtw.jpg)
പാലക്കാട്: പാലക്കാടിന്റെ മാന്ത്രിക കൂട്ടായ്മയായ മാജിക് മിഷൻ ഏപ്രിൽ 11ന് പട്ടാമ്പിയിൽ അഖില കേരള മാന്ത്രിക കൺവെൻഷൻ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പട്ടാമ്പി കുളത്തിങ്കൽ ടവറിൽ നടക്കുന്ന കൺവെൻഷൻ പ്രശസ്ത മജിഷ്യനും മെർലിൻ അവാർഡ് ജേതാവുമായ ടോമി മാഞ്ഞൂരാൻ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം മാന്ത്രികർ പ്രോഗ്രാമിൽ പങ്കെടുക്കും. മാജിക് മിഷൻ പ്രസിഡന്റ് മജിഷ്യൻ പി.എം. ഉപേന്ദ്ര അധ്യക്ഷത വഹിക്കും. മാജിക് മിഷൻ സംഘടിപ്പിച്ച ഓൺലൈൻ മാജിക് മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങുമുണ്ടാവും.
ടോമി മാഞ്ഞൂരാൻ, പി.എം. ഉപേന്ദ്ര പാലക്കാട്, ആനന്ദ് മേഴത്തൂർ എന്നിവർ മാജിക് പരിശീലന ക്ലാസ് നടത്തും. പ്രമുഖ മാന്ത്രികരായ തമ്മനം അബ്ദുള്ള, ഷൊർണുർ രവി, കുമ്പിടി രാധാകൃഷ്ണൻ, മുരളീധരൻ പട്ടാമ്പി, ആഷിക് ആലത്തൂർ, സുരേഷ് പട്ടാമ്പി എന്നിവരെയും മാന്ത്രിക കുടുംബത്തിലെ റാങ്ക് ജേതാവ് സി.പി.അമൃതദാസിനേയും ചടങ്ങിൽ ആദരിക്കും.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മാജിക് മത്സരവും അരങ്ങേറും. മാജിക് മിഷൻ ജില്ലാ ജനറൽ സെക്രട്ടറി സലാം വല്ലപ്പുഴ, പ്രോഗ്രാം കൺവീനർ മുരളീധരൻ പട്ടാമ്പി, ട്രഷറർ അഖിൽ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകും. ഭാരവാഹികളായ കുമ്പിടി രാധാകൃഷ്ണൻ, സലാം വല്ലപ്പുഴ, മുരളീധരൻ പട്ടാമ്പി, സുരേഷ് പട്ടാമ്പി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.