ന്യൂയോർക്ക്: ന്യു യോർക്കിലെ ശ്രീ തുൾസി മന്ദിറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ ഏതാനും സാമൂഹ്യ വിരുദ്ധർ പാടേ തകർത്ത സംഭവം വിദ്വേഷ കുറ്റകൃത്യമായി കണ്ടു നടപടി എടുക്കണമെന്നു ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (എച് എ എഫ്) ആവശ്യപ്പെട്ടു. സ്റ്റേറ്റ് അസംബ്‌ളിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ഹിന്ദു അംഗം ജനിഫർ രാജ്‌കുമാറും നിരവധി ഹൈന്ദവ നേതാക്കളും പ്രാദേശിക ഉദ്യോഗസ്ഥരും ഇതേ ആവശ്യം ഉന്നയിച്ചു.
നേരത്തെ പലകുറി പ്രതിമയ്‌ക്കു നേരെ ആക്രമണം ഉണ്ടായെങ്കിലും ഇത്തവണ ആറു പേർ അടങ്ങുന്ന സംഘം ശിൽപം കൂടം കൊണ്ടടിച്ചു തകർത്തു. മുഖമടിച്ചു വീണ ശിൽപത്തിനു മേൽ സ്പ്രൈ പെയിന്റ് ഉപയോഗിച്ച് 'നായ' എന്നെഴുതി. അഹിംസ സിദ്ധാന്തം ലോകത്തെ പഠിപ്പിച്ച മഹാത്മാവിന്റെ സ്മാരകമാണ് ഇത്ര പ്രാകൃതമായ അക്രമത്തിൽ നശിച്ചത്.
വിദ്വേഷ കുറ്റം കണ്ടു അന്വേഷിക്കണമെന്ന ആവശ്യം തിങ്കളാഴ്ച എച് എ എഫ് എക്സിക്യൂട്ടീവ് ഡയറക്റ്റർ സുഹാഗ് ശുക്ല ആവർത്തിച്ചു. ഹിന്ദുക്കളിൽ ഭീതി ഉണർത്താൻ ഉദ്ദേശിച്ചുള്ള ആക്രമണം ആയിരുന്നു അത്. ഹിന്ദുക്കൾക്കു അവർ തിരഞ്ഞെടുക്കുന്ന ആരെയും ആരാധിക്കാനുള്ള അവകാശമില്ലെന്ന സന്ദേശം അയക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷ കുറ്റത്തിന്റെ നിർവചനത്തിൽ വരുന്ന കൃത്യം.
"ഗാന്ധിജിയെ പോലുള്ള ചരിത്ര പുരുഷന്മാരെ എങ്ങിനെ കണ്ടാലും, അക്രമം സ്വതന്ത്ര സമൂഹത്തിൽ ഭിന്നതകൾ തീർക്കാനുള്ള മാർഗമാവുന്നില്ല."
അക്രമികൾ ഖാലിസ്ഥാന് മുദ്രാവാക്യം വിളിക്കുന്നത് വിഡിയോയിൽ കാണാം. സിഖ് പുരോഹിതർ നയിക്കുന്ന സംസ്ഥാനത്തിനു വേണ്ടി വാദിച്ച ഖാലിസ്ഥാൻ പ്രസ്ഥാനം 22,000 പേരുടെ മരണത്തിനു ഇടയാക്കി. 1985ൽ കാനഡയിൽ സജീവമായിരുന്ന ഖാലിസ്ഥാൻ തീവ്രവാദികൾ എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വച്ച് 329 പേരുടെ ജീവനെടുത്തു.
13 വയസിൽ താഴെ പ്രായമുള്ള 13 കുട്ടികൾ ഉൾപ്പെടെ. അടുത്ത കാലത്തായി യു എസിലും കാനഡയിലും
യു കെയിലും ഖാലിസ്ഥാനികൾ ഗാന്ധിജിയെ ഇരയാക്കി തുടങ്ങി. ഇന്ത്യയുടേയും ഹിന്ദുയിസത്തിന്റെയും പ്രതീകമായി ഗാന്ധിജിയെ അവർ കാണുന്നു. രൂക്ഷമായ ഭാഷയിൽ അദ്ദേഹത്തെ ആക്ഷേപിക്കയും ശില്പങ്ങൾ തകർക്കുകയും ചെയ്യുന്നു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ യു എസിൽ വാഷിംഗ്‌ടൺ ഡി സി, ന്യു യോർക്കിലെ യൂണിയൻ സ്‌ക്വയർ, സാൻ ഫ്രാൻസിസ്‌കോ, ഷിക്കാഗോ, കലിഫോണിയയിലെ ഡേവിസ് നഗരം എന്നിവിടങ്ങളിൽ അന്തി ശിൽപം അക്രമിക്കയും മലിനമാക്കുകയും ചെയ്ത ആറു സംഭവങ്ങൾ ഉണ്ടായി.
കാനഡയിൽ ടോറോന്റോയിലും ഓസ്‌ട്രേലിയയിൽ വിക്ടോറിയയിലും ആക്രമണങ്ങൾ ഉണ്ടായി. അമേരിക്കയിൽ മൊത്തം രണ്ടു ഡസൻ ഗാന്ധി ശില്പങ്ങളുണ്ട്. ചിലതു ഇന്ത്യൻ സർക്കാർ നൽകിയതാണ്. മറ്റുള്ളവ ഇന്ത്യൻ അമേരിക്കൻ സമൂഹം ഗാന്ധിജിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കാൻ സ്ഥാപിച്ചതാണ്.