വാഷിംഗ് ടൺ: ഇല്ലിനോയ് ക്രിക്കറ്റ് അസോസിയേഷൻ (ഐ സി എ) ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ ഉദ്‌ഘാടനം ചെയ്തു. ഔപചാരിക ഉദ്‌ഘാടനത്തിനു ശേഷം വിജയങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും കഥകൾ നിരത്തിയ അസോസിയേഷൻ ഗാവസ്‌കറുടെ ഹാർട്ട്2ഹാർട്ട് ഫൗണ്ടേഷനുമായുള്ള സഹകരണവും ഊന്നിപ്പറഞ്ഞു.
ഗാവസ്‌കർ തന്റെ ക്രിക്കറ്റ് യാത്രകളിലെ വിജയ കഥകൾ ഓർമിച്ചു. അസോസിയേഷന്റെ നേതൃത്വത്തെ പ്രശംസിച്ച അദ്ദേഹം മിഡ്വെസ്റ്റ് അമേരിക്കയിലെ യുവജനങ്ങൾക്ക് അസോസിയേഷൻ ആവേശമാവുമെന്നു ചൂണ്ടിക്കാട്ടി. ജന്മനാ ഹൃദയ രോഗങ്ങൾ ഉള്ള കുട്ടികൾക്കായി ആരംഭിച്ച ഫൗണ്ടേഷൻ അവർക്കു സൗജന്യ ശസ്ത്രക്രിയ നൽകുന്നുണ്ടെന്നും വെളിപ്പെടുത്തി.
അസോസിയേഷൻ പ്രസിഡന്റ് നാഗസുബ്രമണിയം 'സുബ്ബു' അയ്യർ ഗാവസ്കർക്കു നന്ദി പറഞ്ഞു. ക്രിക്കറ്റ് സ്റ്റേഡിയവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അമേരിക്കൻ ബിസിനസ് കൌൺസിൽ പ്രസിഡന്റ് അജിത് സിംഗ് ക്രിക്കറ്റ് രംഗത്തെ പ്രവർത്തകരെ പ്രശംസിച്ചു. ഓൿബ്‌റൂക് വില്ലെജ് ട്രസ്റ്റി ഡോക്ടർ സുരേഷ് റെഡ്‌ഡി വില്ലേജിന്റെ പ്രത്യേക പ്രഖ്യാപനം ഗാവസ്‌കർക്കു സമർപ്പിച്ചു.